കോവിഡ് വാക്‌സിനെതിരായ വ്യാജപ്രചാരണത്തിന് യുട്യൂബര്‍മാരെ സ്വാധീനിച്ച് മാര്‍ക്കറ്റിങ്ങ് ഏജന്‍സി; മലയാളിയും ഉള്‍പ്പട്ടതായി ബി.ബി.സി

കോവിഡ് വാക്‌സിനെതിരായ വ്യാജപ്രചാരണത്തിന് യുട്യൂബര്‍മാരെ സ്വാധീനിച്ച് മാര്‍ക്കറ്റിങ്ങ് ഏജന്‍സി; മലയാളിയും ഉള്‍പ്പട്ടതായി ബി.ബി.സി

ലണ്ടന്‍: കോവിഡ് വാക്‌സിനെതിരായ പ്രചാരണത്തിന് മലയാളി യുട്യൂബറടക്കം ലോകമെങ്ങുമുള്ള സമൂഹ മാധ്യമങ്ങളിലെ താരങ്ങളെ ഉപയോഗിച്ചതായി ബി.ബി.സി. ഫൈസര്‍ വാക്‌സിനെതിരായ പ്രചാരണത്തിന് ഫസെ എന്നി മാര്‍ക്കറ്റിങ്ങ് ഏജന്‍സിയാണ് ഇവരെ സമീപിച്ചത്. തങ്ങളെ തെറ്റിധരിപ്പിച്ചതായി സംശയം തോന്നിയ ചില യുട്യൂബര്‍മാര്‍ തന്നെ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ബി.ബി.സി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ളവരെയാണ് ഫസെ സമീപിച്ചത്. എന്നാല്‍ ഫൈസര്‍ വാക്‌സിനെതിരായ പ്രചാരണത്തിന് ഇവരെ ചുമതലപ്പെടുത്തിയതാരെന്ന് വ്യക്തമല്ല. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഫസെ.

മലയാളിയായ അഷ്‌കര്‍ ടെക്കിയാണ് ഫസെ സമീപിച്ച യുട്യൂബര്‍മാരില്‍ ഒരാള്‍. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നായിരുന്നു ഫസെ യു ട്യൂബര്‍മാരോട് ആവശ്യപ്പെട്ടിരുന്നത്. വാഹന, സാങ്കതിക സംബന്ധമായ വിവരങ്ങള്‍ ഏറെ രസകരമായി പങ്കുവെക്കുന്ന യൂട്യൂബറാണ് അഷ്‌കര്‍. മൂന്നു ലക്ഷം ഫോളോവേഴ്‌സാണ് അഷ്‌കറിന് യുട്യൂബില്‍ ഉള്ളത്. ബ്രസീലില്‍ നിന്നുള്ള എവേഴ്‌സണ്‍ സോയിയോയാണ് ഫസെ സമീപിച്ച മറ്റൊരാള്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലധികം ഫോളോവേഴ്സ് ഇദ്ദേഹത്തിനുണ്ട്. തെറ്റായ പ്രചാരണത്തിന് 2000 യൂറോ വരെ വാഗ്ദാനം ലഭിച്ചതായി ചില യൂറോപ്യന്‍ യുട്യൂബര്‍മാര്‍ അറിയിച്ചു.

ഫൈസര്‍ വാക്സിനെക്കുറിച്ച് ഫസെ ഏജന്‍സി നല്‍കിയ തെറ്റായ വിവരങ്ങള്‍ ഇവരില്‍ പലരും സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നു. സംശയം തോന്നിയ ബി.ബി.സിയടക്കമുള്ള ചില മാധ്യമ സ്ഥാപനങ്ങള്‍ ഇവരെ ബന്ധപ്പെട്ടപ്പോഴാണ് പലരും ഉള്ളടക്കം പിന്‍വലിച്ചത്.

ജര്‍മന്‍ യൂട്യൂബറായ മിര്‍ക്കോ ഡ്രോട്ച്ച്മാന്‍, ഫ്രാന്‍സിലെ യൂട്യൂബറായ ലിയോ ഗ്രാസെറ്റ് എന്നിവരാണ് ഫസെ ബന്ധപ്പെട്ട കാര്യം ആദ്യം പുറം ലോകത്തെ അറിയിച്ചത്. കോവിഡില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കവെ വാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതിലെ യുക്തിയെപ്പറ്റി ചിന്തിച്ചപ്പോഴാണ് പന്തികേട് തോന്നിയതെന്ന് മിര്‍കോ വ്യക്തമാക്കി. ഫൈസര്‍ വാക്‌സിനെക്കുറിച്ച് ഏജന്‍സി നല്‍കിയ വിവരങ്ങള്‍ തന്നെ വ്യാജമായിരുന്നുവെന്നും മിര്‍കോ പറയുന്നു.

മാര്‍ക്കറ്റിങ് ഏജന്‍സി അധികൃതര്‍ സംഭവത്തെക്കുറിച്ച് ഇതേവരെ മിണ്ടിട്ടിയില്ല. ബി.ബി.സിയടക്കം ഇവരുടെ പ്രതികരണത്തിനായി ശ്രമിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.