സനാ: യമന്‍ തീരത്ത് ചെങ്കടലില്‍ ചരക്കുകപ്പലിന് നേരേ ആക്രമണം. യമനിലെ ഹൊദെയ്ദ തുറമുഖത്ത് നിന്ന് തെക്കുപടിഞ്ഞാറായി 51 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. എട്ട് ബോട്ടുകളിലായെത്തി ആസൂത്രിത ആക്രമണം ആണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കപ്പലില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് നേരേ തിരിച്ചടിച്ചതായും മേഖലയില്‍ സംഘര്‍ഷം തുടരുകയാണെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട കപ്പലിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
എട്ട് ചെറിയ ബോട്ടുകളിലായാണ് അക്രമിസംഘം കപ്പല്‍ വളഞ്ഞതെന്നാണ് വിവരം. കപ്പലിന് നേരേ വെടിയുതിര്‍ത്തതിന് പുറമേ റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളും പ്രയോഗിച്ചു. ചെങ്കടലില്‍ വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ബോട്ടുകള്‍ കപ്പലിനെ വളഞ്ഞതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രണ്ട് ഡ്രോണ്‍ ബോട്ടുകള്‍ കപ്പലിലേക്ക് ഇടിച്ചുകയറ്റിതായും മറ്റ് രണ്ട് ബോട്ടുകള്‍ കപ്പലിലെ സുരക്ഷാ വിഭാഗം തകര്‍ത്തതായും റിപ്പോര്‍ട്ടുകളിലുണ്ട്. യമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം നടന്നതെന്നാണ് വിവരം. 2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം പതിവാണ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യം ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെയാണ് ഹൂതികള്‍ ലക്ഷ്യമിട്ടിരുന്നത്.