ജന്മദിനാശംസകളുമായി ലോക നേതാക്കള്‍; 40 വര്‍ഷം കൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദലൈലാമ: പിന്‍ഗാമിക്കായി ചര്‍ച്ചകളും സജീവം

ജന്മദിനാശംസകളുമായി ലോക നേതാക്കള്‍;  40 വര്‍ഷം കൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദലൈലാമ: പിന്‍ഗാമിക്കായി ചര്‍ച്ചകളും സജീവം

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകളുമായി ലോക നേതാക്കള്‍. പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ഞായറാഴ്ച ദലൈലാമ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിച്ചത്. 40 വര്‍ഷം കൂടി ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ദലൈലാമ പറഞ്ഞു.

'ഇതുവരെ ഞാന്‍ എന്റെ മികച്ചതാണ് ചെയ്തത്. ജീവജാലങ്ങളെയും ബുദ്ധ ധര്‍മ്മത്തെയും സേവിച്ചു കൊണ്ട് ഇനിയും 30-40 വര്‍ഷങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു'- നവതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അനുയായികളെ അഭിസംബോധന ചെയ്ത് അദേഹം പറഞ്ഞു.

പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് താന്‍ ഇനിയും കുറച്ച് കാലും കൂടി ജീവിക്കുമെന്ന് ദലൈലാമ പറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ ഇതുസബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുമെന്നാണ് വിലയിരുത്തലുകള്‍. ലാമയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ലോക നേതാക്കളുടെ പ്രതികരണങ്ങള്‍ ഇതിന്റെ സൂചനകളാണ് നല്‍കുന്നത്.

ടിബറ്റന്‍ ആത്മീയ നേതാവിന്റെ പിന്‍ഗാമി ആരായിരിക്കണമെന്നതിലെ അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്ന് ചൈന കഴിഞ്ഞ ദിവസവും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ, അമേരിക്ക, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുടെ പ്രതികരണത്തിന് പ്രാധാന്യം വര്‍ധിക്കുന്നത്.

ജന്മദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലാമയ്ക്ക് ആശംസകള്‍ നേര്‍ന്നു. തൊണ്ണൂറാം ജന്മദിനത്തില്‍ നൂറ്റിനാല്‍പത് കോടി ഇന്ത്യക്കാരോടൊപ്പം ഞാനും ദലൈലാമയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു എന്നായിരുന്നു നരേന്ദ്ര മോഡിയുടെ കുറിപ്പ്. സ്നേഹം, കാരുണ്യം, ക്ഷമ, ധാര്‍മ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ലാമയെന്നും പ്രധാനമന്ത്രി ആശംസയില്‍ കൂട്ടിച്ചേര്‍ത്തു.

പിന്‍ഗാമി ചര്‍ച്ചകളില്‍ ചൈന നിലപാട് കടുപ്പിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്തുണ ടിബറ്റിന് ഏറെ പ്രധാനമാണ്. ദക്ഷിണേഷ്യയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതിനിടെയാണ് ടിബറ്റ് വിഷയം വീണ്ടും ചര്‍ച്ചയില്‍ നിറയുന്നത്.

ടിബറ്റുകാരുടെ മനുഷ്യാവകാശങ്ങളോടും അടിസ്ഥാന സ്വാതന്ത്ര്യങ്ങളോടും ആദരവ് പ്രകടിപ്പിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. ധരംശാലയില്‍ നടക്കുന്ന ജന്മദിനാഘോഷത്തില്‍ വായിച്ച സന്ദേശത്തിലായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

'ടിബറ്റുകാരുടെ ഭാഷാപരവും സാംസ്‌കാരികവും മതപരവുമായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളെ യു.എസ് പിന്തുണയ്ക്കുന്നു. പുതിയ മതനേതാക്കളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനും ആരാധിക്കാനുമുള്ള അവരുടെ അവകാശത്തെയും'- പ്രസ്താവനയില്‍ അമേരിക്ക നയം വ്യക്തമാക്കി.

തായ് വാന്‍ പ്രസിഡന്റ് ലായ് ചിങ് ടെയുടെ സന്ദേശവും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു ലായ് ചിങ് ടെയുടെ സന്ദേശം.

തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈന നിരന്തരം അവകാശപ്പെടുകയും ആവശ്യമെങ്കില്‍ സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ മേധാവി എന്ന നിലയിലാണ് തായ് വാന്‍ പ്രസിഡന്റിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നത്.

തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നത് ധരംശാലയില്‍ നിന്നായിരിക്കും എന്ന ലാമയുടെ പ്രഖ്യാപനം ഇതിനോടകം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. ടിബറ്റിന്‍ മേലുള്ള ചൈനയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്ന വിധത്തില്‍ പുതിയ ലാമയെ ചൈന നിര്‍ദേശിച്ചേക്കുമെന്ന പതിറ്റാണ്ടുകളായുള്ള ടിബറ്റുകാരുടെ ആശങ്കയാണ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സജീവമാക്കുന്നത്.

1959 ല്‍ ചൈനീസ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ദലൈലാമ അതിന് ശേഷം ഇന്ത്യയിലെ ധരംശാലയിലാണ് താമസിക്കുന്നത്.

ധരംശാല കേന്ദ്രമാക്കി ടിബറ്റന്‍ സമൂഹത്തെ നിയന്ത്രിച്ച് വരുന്ന ലാമയുടെ പിന്‍ഗാമി തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യക്തിയാകണം എന്നാണ് ചൈനയുടെ ആവശ്യം. ഈ വിഷയത്തില്‍ 1959 മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.