വാഷിങ്ടൺ ഡിസി: കുമ്പസാര രഹസ്യം പുറത്ത് പറയാൻ കത്തോലിക്കാ വൈദികര നിർബന്ധിതരാക്കുന്ന നിയമം പിൻവലിക്കണമെന്ന് വാഷിങ്ടൺ സംസ്ഥാനത്തോട് ആവശ്യപ്പെട്ട് മിനസോട്ട രൂപത ബിഷപ്പും എഴുത്തുകാരനുമായ റോബർട്ട് ബാരൺ. ഈ നിയമം പുരാതനവും സുപ്രധാനവുമായ സഭാ ആചാരത്തെ അനാദരിക്കുന്നതാണെന്ന് ബിഷപ്പ് കോടതിയെ അറിയിച്ചു.
കുമ്പസാര കൂദാശയ്ക്കിടെ മനസിലായ ബാലപീഡനം പുരോഹിതന്മാർ റിപ്പോർട്ട് ചെയ്യണമെന്നും അല്ലെങ്കിൽ ജയിൽ ശിക്ഷയും പിഴയും അനുഭവിക്കണമെന്നും ആവശ്യപ്പെടുന്ന പുതിയ നിയമത്തിനെതിരെയാണ് ബിഷപ്പ് മിനസോട്ട കോടതിയെ സമീപിച്ചത്.
കുമ്പസാരമെന്ന കൂദാശ വഴി കത്തോലിക്കർ പുരോഹിതൻ വഴി കർത്താവിനോട് സംസാരിക്കുകയും കർത്താവ് കേൾക്കുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു. അതിനാൽ കൃപയുടെ ഈ ഉറവ് തേടുന്ന ഒരു പാപിയുടെ വഴിയിൽ ഒന്നും തടസമാകരുത് എന്ന് ബിഷപ്പ് പറഞ്ഞു. ഏറ്റവും പവിത്രമായ രഹസ്യത്തിൽ നൽകിയ കാര്യങ്ങൾ പുരോഹിതന് മറ്റുള്ളവരുമായി പങ്കിടാൻ കഴിയുമെന്ന് ഒരു വ്യക്തിക്ക് അറിയാമെങ്കിൽ കുമ്പസാരത്തെ സമീപിക്കാൻ അയാൾ മടിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
പുതിയ നിയമം കുമ്പസാരത്തോടുള്ള അനാദരവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബിഷപ്പ് കോടതിയിൽ വാദിച്ചു. മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദീർഘകാല കീഴ്വഴക്കവും മതപരമായ നിഷ്പക്ഷതയെക്കുറിച്ചുള്ള സ്ഥാപിത നിയമങ്ങളും പുതിയ നിയമം ലംഘിക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞു.
കത്തോലിക്കരെ അന്യായമായി ലക്ഷ്യം വയ്ക്കുന്ന നിയമം മതസ്വാതന്ത്ര്യ വക്താക്കളിൽ നിന്നടക്കം വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. നീതിന്യായ വകുപ്പും ഓർത്തഡോക്സ് സഭകളുടെ ഒരു സഖ്യവും ഈ നിയമത്തിനെതിരെ സംസ്ഥാന സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. യുഎസ്, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള 500-ലധികം റോമൻ കത്തോലിക്കാ പുരോഹിതന്മാരെയും ഡീക്കന്മാരെയും പ്രതിനിധീകരിക്കുന്ന കോൺഫ്രറ്റേണിറ്റി ഓഫ് കാത്തലിക് ക്ലർജി കഴിഞ്ഞ മാസം നിയമത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
കുട്ടികളുടെ സംരക്ഷണം മതപരവും ധാർമികവുമായ നിയമങ്ങളില്ലാതെ ചെയ്യാൻ കഴിയും എന്ന് അവർ ചൂണ്ടിക്കാട്ടി.
കേസിന്മേലുള്ള വാദം ജൂലൈ 14 ന് നടക്കും. നിയമം ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വരും.