ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഒമ്പതാം ദിവസവും സ്തംഭിച്ച് പാര്‍ലമെന്റ്. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടിലായിരുന്നു ഇന്നും പ്രതിപക്ഷം. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യ സഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരായ 12 ക്രിമിനല്‍ നടപടികള്‍ സിവില്‍ നടപടികളായി പരിമിതപ്പെടുത്തുന്ന ലിമിറ്റഡ് ലയബിലിറ്റി ബില്‍ രാജ്യസഭ പാസാക്കി. സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്ന ജനറല്‍ ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലും സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
ഒമ്പതാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പെഗാസസ് വിഷയത്തില്‍ ബഹളമയമായി. അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് പെഗാസസെന്നും പാര്‍ലമെന്ററികാര്യ സമിതിയില്‍ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി മറുപടി നല്‍കി.
പ്‌ളാക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു സര്‍ക്കാരിനെതിരെ മുദ്രാവാക്യം. കൊവിഡ് ചര്‍ച്ച ഇന്ന് ലോക്‌സഭയില്‍ നിശ്ചയിച്ച് പെഗാസസ് ബഹളം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ തിങ്കളാഴ്ചവരെ നിര്‍ത്തിവെക്കുകയായിരുന്നു. പെഗാസസില്‍ തന്നെ ആദ്യം ചര്‍ച്ച വേണമെന്നും അതിന് ശേഷം കാര്‍ഷിക വിഷയവും കോവിഡുമൊക്കെ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സഭയില്‍ ആവശ്യപ്പെട്ടു. അനാവശ്യ വിവാദം ഉന്നയിച്ച് ജനങ്ങളെ ബാധിക്കുന്ന കോവിഡ് വിഷയത്തിലെ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. അതേസമയം പെഗാസസില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. രാവിലെ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്ന ശേഷമായിരുന്നു സഭക്കുള്ളിലെ സംയുക്ത നീക്കം.