സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കര്‍ശന പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കര്‍ശന പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്കും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് അനുമതിയുള്ളത്. കര്‍ശന പരിശോധനയ്ക്ക് ഡിജിപി അനില്‍ കാന്ത് പൊലീസിന് നിര്‍ദേശം നല്‍കി. പാഠപുസ്തക അച്ചടി നടക്കുന്നതിനാല്‍ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം തിങ്കള്‍ മുതല്‍ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളോടെ തുടരും. രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ പ്രത്യേക ക്ലസ്റ്ററുകളാക്കി തിരിച്ച് നിയന്ത്രണം ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

കൊവിഡ്-19 നിയന്ത്രണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതിനാല്‍ ഏറെക്കാലം ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

രോഗ സ്ഥിരീകരണ നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ നല്‍കുന്ന ഇളവുകള്‍ തുടരേണ്ടതുണ്ടോ എന്നും അത്തരം നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണോ എന്നും സംശയങ്ങളുണ്ട്. എന്നാല്‍, ടിപിആര്‍ അടിസ്ഥാനത്തില്‍ തന്നെ നിയന്ത്രണം തുടരാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.

ഇനി ജില്ലാ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശിക തലത്തില്‍ നിയന്ത്രണം ശക്തമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.