ന്യൂഡല്‍ഹി: ഓഗസ്റ്റില്‍ നടക്കുന്ന യുഎന്‍ സുരക്ഷാ സമിതി അധ്യക്ഷ പദവി വീണ്ടും ഇന്ത്യയ്ക്ക്. ഇത് പത്താം തവണയാണ് ഇന്ത്യ അധ്യക്ഷപദം അലങ്കരിക്കുന്നത്. കൗണ്‍സില്‍ അധ്യക്ഷപദം കൈമാറിയതിന് ഇന്ത്യ ഫ്രാന്‍സിനു നന്ദി അറിയിച്ചു. 2012 നവംബറിലാണ് അവസാനം ഇന്ത്യ അധ്യക്ഷത വഹിച്ചത്.
സമുദ്ര സുരക്ഷ, സമാധാന പാലനം, ഭീകരവിരുദ്ധ പ്രവര്‍ത്തനം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരിക്കും ഇന്ത്യ ഊന്നല്‍ നല്‍കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി അറിയിച്ചു. സമാധാന പ്രവര്‍ത്തകരുടെ ഓര്‍മയ്ക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കും. കൂടാതെ സിറിയ, ഇറാഖ്, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രത്യേക യോഗം നടത്തും. രാജ്യാന്തര സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തിനു സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.