ഓസ്‌ട്രേലിയന്‍ കടല്‍തീരത്ത് അടിഞ്ഞ തിമിംഗല കുഞ്ഞിന് ദയാവധം

ഓസ്‌ട്രേലിയന്‍ കടല്‍തീരത്ത് അടിഞ്ഞ തിമിംഗല കുഞ്ഞിന് ദയാവധം

ബ്രിസ്ബന്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലാന്‍ഡിന്‍ കടല്‍ തീരത്തടിഞ്ഞ തിമിംഗല കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. തീരദേശ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ കിര ബീച്ചിലാണ് ഹംപ് ബാക്ക് വെയ്ല്‍ അഥവാ കൂനന്‍ തിമിംഗലത്തിന്റെ കുഞ്ഞ് കരയ്ക്കടിഞ്ഞത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ തിമിംഗലത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ദയാവധം നല്‍കി.

ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ രണ്ടാമത്തെ ജീവിയാണ് കൂനന്‍ തിമിംഗലങ്ങള്‍. ഇന്ന് പുലര്‍ച്ചെ തീരത്തെത്തിയ തിമിംഗലത്തെ അവിടെയുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ച് തിരികെ കടലിലേക്കു വിട്ടെങ്കിലും ഉച്ചയോടെ വീണ്ടും മറ്റൊരു ഭാഗത്ത് കണ്ടെത്തി. ഏറെ പരിശ്രമിച്ചാണ് മണലില്‍ പുതഞ്ഞ തിമിംഗലത്തെ ശക്തമായ തിരമാലകളിലേക്ക് തള്ളിവിട്ടത്. നിരവധി പേരാണ് കുഞ്ഞ് തിമിംഗത്തെ രക്ഷിക്കാന്‍ ഒത്തുകൂടിയത്.



തിമിംഗലത്തിന്റെ ശരീരത്തില്‍ നിറയെ മുറിവുകളുണ്ടായിരുന്നതായി സമീപവാസിയായ ആന്‍ഡി ഹാള്‍ പറഞ്ഞു. നിരവധി കടിയേറ്റ പാടുകളുമുണ്ടായിരുന്നു. കിര ബീച്ചില്‍ തീരത്തുള്ള പാറകളില്‍ ഇടിച്ചാണ് പരുക്കേറ്റതെന്നാണ് നിഗമനം. തീരത്തടിയുമ്പോള്‍ തീരെ അവശതയിലായിരുന്നു തിമിംഗലം.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വിദഗ്ധ സംഘം തിമിംഗലത്തെ കടലില്‍ ആഴമേറിയ ഭാഗത്തേക്കു വിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സമീപത്തായി വലിയ തിമിംഗലങ്ങള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവസ്ഥലത്ത് എത്തിയ മൃഗഡോക്ടര്‍ തിമിംഗലത്തെ പരിശോധിച്ച് ദയാവധത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. അമ്മയുടെ പിന്തുണയില്ലാതെ കുഞ്ഞ് തിമിംഗലത്തിന് നിലനില്‍പ് അസാധ്യമാണ്.

തിമിംഗലത്തിന്റെ മൃതദേഹം ഗോള്‍ഡ് കോസ്റ്റ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ സംസ്‌കരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.