കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരേ താലിബാന്‍ റോക്കറ്റ് ആക്രമണം: റണ്‍വേ തകര്‍ന്നു, പോരാട്ടം ശക്തമാക്കി സൈന്യം

കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരേ താലിബാന്‍ റോക്കറ്റ് ആക്രമണം: റണ്‍വേ തകര്‍ന്നു, പോരാട്ടം ശക്തമാക്കി സൈന്യം

കാബൂള്‍: അമേരിക്കയടക്കമുള്ള വിദേശ സൈനിക ശക്തികള്‍ അഫ്ഗാനിസ്ഥാനില്‍നിന്നു പിന്മാറ്റം തുടങ്ങിയതിനു പിന്നാലെ പ്രധാന കേന്ദ്രങ്ങളില്‍ താലിബാന്‍ പിടിമുറുക്കുന്നു. ഹെറാത്ത് അടക്കമുള്ള പ്രധാനപ്പെട്ട നഗരങ്ങള്‍ക്കു നേരേ ശക്തമായ ആക്രമണമാണ് താലിബാന്‍ തീവ്രവാദികള്‍ കഴിഞ്ഞദിവസം അഴിച്ചുവിട്ടത്.

ശനിയാഴ്ച്ച രാത്രിയോടെ കാണ്ഡഹാര്‍ വിമാനത്താവളത്തിന്റെ റണ്‍വേ റോക്കറ്റ് ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി പേര്‍ക്കു പരുക്കേറ്റു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരേ അഫ്ഗാന്‍ സൈന്യവും തിരിച്ചടിച്ചെങ്കിലും പലയിടങ്ങളിലും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ പലയിടങ്ങളിലും ശക്തമായ റോക്കറ്റ് ആക്രമണമാണ് താലിബാന്‍ നടത്തിയത്. നുഴഞ്ഞുകയറ്റക്കാരുടെ സഹായത്തോടെയാണ് താലിബാന്‍ പ്രധാന നഗരങ്ങളില്‍ പിടിമുറുക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ നൂറുകണക്കിനു കമാന്‍ഡോകളെ വിന്യസിച്ചപ്പോള്‍ തെക്കന്‍ നഗരമായ ലഷ്‌കര്‍ ഗാഹിലേക്ക് കൂടുതല്‍ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാന്‍ തീവ്രവാദികളുമായി ശകത്മായ പോരാട്ടമാണ് നടക്കുന്നത്.

താലിബാനെതിരേ വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനു ശേഷം കഴിഞ്ഞ മേയിലാണ് യു.എസ്. സൈന്യം അഫ്ഗാനിസ്ഥാനില്‍നിന്നുള്ള പിന്മാറ്റം ആരംഭിച്ചത്. സേനാ പിന്മാറ്റം അവസാന ഘട്ടത്തിലാണ്. ഇതിനു പിന്നാലെയാണ് താലിബാന്‍ ഭീകരര്‍ വീണ്ടും സംഘടിച്ച് വിവിധ മേഖലകള്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തും ഗ്രാമീണ മേഖലകളില്‍ നുഴഞ്ഞുകയറിയുമാണ് താലിബാന്‍ പിടിമുറുക്കുന്നത്.

കാണ്ഡഹാര്‍ നഗരത്തില്‍ താലിബാന്‍ ഭീകരര്‍ വന്‍തോതില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരാണ് കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരേ റോക്കറ്റ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ പൂര്‍ണമായി തകര്‍ന്നു. വിമാനത്താവളത്തിന് നേരെ വന്ന മൂന്നു റോക്കറ്റുകളില്‍ രണ്ടെണ്ണം റണ്‍വേയില്‍ പതിച്ചതായും അറ്റകുറ്റപണികള്‍ ആരംഭിച്ചതായും മസൂദ് പഷ്തൂണ്‍ അറിയിച്ചു. ഇതോടെ കാണ്ഡഹാറില്‍നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു. അടുത്ത ദിവസങ്ങളില്‍ റണ്‍വേ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാണ്ഡഹാര്‍ മേഖലയില്‍ താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ സൈന്യത്തിനുള്ള അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് കാണ്ഡഹാര്‍ വിമാനത്താവളത്തിലൂടെയാണ്.

അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ താലിബാന്‍ ആധിപത്യം സ്ഥാപിക്കുന്നതു തടയാനാണ് സൈന്യത്തിന്റെ ശ്രമം. നഗരങ്ങളിലേക്കു കടന്നുകയറിയാല്‍ താലിബാനെ നിയന്ത്രിക്കുക ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തില്‍ ആകാശമാര്‍ഗവും േറാഡ് മാര്‍ഗവും കൂടുതല്‍ സൈനികരെ ഇറക്കിയും ആയുധങ്ങള്‍ ഉപയോഗിച്ചും പ്രതിരോധിക്കാനാണു ശ്രമം.

ഹെല്‍മത്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് പട്ടണത്തിലേക്ക് താലിബാന്‍ കൂടുതല്‍ അടുക്കുന്നത് അപകടകരമാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. നഗരത്തില്‍ സൈന്യവും താലിബാന്‍ ഭീകരരും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ടെന്നും കൂടുതല്‍ സൈന്യത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹെല്‍മത്ത് പ്രവിശ്യാ കൗണ്‍സില്‍ മേധാവി അതാവുള്ളാഹ് അഫ്ഗാന്‍ പറഞ്ഞു.

ശക്തമായ വ്യോമാക്രമണമാണ് താലിബാന്‍ സൈന്യത്തിനു നേരേ സൈന്യം നടത്തുന്നത്. ഇതുവഴി നഗരങ്ങള്‍ പിടിച്ചെടുക്കുന്നത് ചെറുക്കാനാവുമെന്നാണ് കരുതുന്നത്. ഏറെ ജനവാസമുള്ള മേഖലകള്‍ താലിബാന്‍ പിടിച്ചെടുത്താല്‍ സാധാരണ ജനങ്ങള്‍ക്കു പരുക്കേല്‍ക്കാതെ ഭീകരരെ തുരത്തുക ബുദ്ധിമുട്ടാകും.

രണ്ടു ലക്ഷം ജനസംഖ്യയുള്ള ലഷ്‌കര്‍ ഗാഹ് പട്ടണത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഇവിടുത്തെ താമസക്കാരനായ ഹാലിം കരീമി പറഞ്ഞു. എന്താണു സംഭവിക്കുന്നതെന്നു മനസിലാകുന്നില്ല. താലിബാന്‍ ഭീകരര്‍ തങ്ങളോടു കരുണ കാട്ടുമെന്നു തോന്നുന്നില്ല. സൈന്യത്തിന്റെ ബോംബാക്രമണത്തിനും കുറവില്ല. അനുഭവിക്കുന്നത് തന്നേപ്പോലുള്ള സാധാരണക്കാരാണ്.

ഹെറാത്ത് പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്ത് തമ്പടിച്ച ഭീകരരെ തുരത്താന്‍ സൈന്യം രാത്രിയിലും വ്യോമാക്രമണം ശക്തമാക്കി. നൂറിലധികം ഭീകരര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹെറാത്ത് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ജെയ്‌ലാനി ഫര്‍ഹാദ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഇരുവശത്തും എത്രമാത്രം ആള്‍നാശമുണ്ടായി എന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ യു.എന്‍ ഓഫിസിനു നേരെയും താലിബാന്‍ ആക്രമണം നടത്തിയിരുന്നു. സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

അഫ്ഗാനിലെ താലിബാന്‍ ആക്രമണത്തില്‍ 2400ലേറെ തദ്ദേശവാസികള്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ റിപ്പോര്‍ട്ട്. മേയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്. കാണ്ഡഹാര്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ താലിബാന്‍ പിടിമുറക്കുന്ന സാഹചര്യത്തില്‍ ആയിരങ്ങളാണ് കുടുംബത്തോടെ പലായനം ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.