കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതൽ: പരിശോധന കര്‍ശനമാക്കി അതിര്‍ത്തി സംസ്ഥാനങ്ങള്‍

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതൽ:  പരിശോധന കര്‍ശനമാക്കി അതിര്‍ത്തി സംസ്ഥാനങ്ങള്‍

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കർശനമാക്കി. കര്‍ണാടകയ്ക്ക് പിന്നാലെ തമിഴ്നാടും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കാൻ തീരുമാനിച്ചു.

കേരളത്തില്‍ നിന്നും കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് തമിഴ്നാട് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും കോയമ്പത്തൂർ ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് തമിഴ്‌നാട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

എന്നാൽ നേരത്തെ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയില്‍ ഇന്ന് രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസുകള്‍ തലപ്പാടിയില്‍ വരെയാണ് സര്‍വീസ് നടത്തുന്നത്.
അതിര്‍ത്തിയില്‍ നിന്ന് നഗരത്തിലേക്ക് കര്‍ണാടക ബസ് സര്‍വീസ് ഉണ്ടാകും. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം മാത്രമാകും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നത്. ഇതിനായി അതിര്‍ത്തിയില്‍ കര്‍ണാടക പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.