492 പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല; പട്ടിക നാളെ റദ്ദാകും

492 പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല; പട്ടിക നാളെ റദ്ദാകും

തിരുവനന്തപുരം: ഓഗസ്റ്റ് നാലിനു റദ്ദാകുന്ന പി.എസ്.സിയുടെ 492 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് ഉറപ്പിച്ച് സര്‍ക്കാര്‍. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. കാലാവധി നീട്ടാന്‍ സര്‍ക്കാരില്‍ നിന്ന് ശുപാര്‍ശയുണ്ടാകാത്ത സാഹചര്യത്തില്‍ റദ്ദാകുന്ന പ്രധാന തസ്തികകളുടെയെല്ലാം പുതിയ റാങ്ക് പട്ടിക തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.

എല്‍.ഡി ക്ലാര്‍ക്ക്, ഡ്രൈവര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തുടങ്ങി റദ്ദാകുന്ന പ്രധാന തസ്തികകളുടെയെല്ലാം പുതിയ റാങ്ക് പട്ടിക തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനാണ് പി.എസ്.സി യോഗം തീരുമാനിച്ചത്. റാങ്ക് പട്ടികയിലുള്ള അവസാനത്തെ ആള്‍ക്കുവരെ നിയമനം നല്‍കുന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തൊഴില്‍ രഹിതര്‍ക്കൊപ്പമാണ്. എന്നാല്‍, റാങ്ക് പട്ടികയിലുള്ളവരെക്കാള്‍ എത്രയോ പേര്‍ പുറത്തു നില്‍പ്പുണ്ടെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമനം വേഗത്തിലാക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സമരം ചെയ്ത റാങ്ക് പട്ടികയിലുള്ളവരോട് പ്രതികാരബുദ്ധിയോടെയുള്ള സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാതെ അപ്പീല്‍ നല്‍കുകയാണ്. റാങ്ക് പട്ടികയിലുള്ളവര്‍ക്കു നിയമനം നല്‍കാതെ പാര്‍ട്ടിക്കാര്‍ക്കു പിന്‍വാതില്‍ നിയമനം നല്‍കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.