'വിവര ശുദ്ധി' ഉറപ്പാക്കാന്‍ റോയിട്ടേഴ്‌സും എപിയും ട്വിറ്ററിനു സഹായമേകും

 'വിവര ശുദ്ധി' ഉറപ്പാക്കാന്‍ റോയിട്ടേഴ്‌സും എപിയും ട്വിറ്ററിനു സഹായമേകും

എതിരാളികളായ രണ്ട് വാര്‍ത്താ ഏജന്‍സികളുമായും ചേര്‍ന്ന് ട്വിറ്റര്‍ വെവ്വേറെ പ്രവര്‍ത്തിക്കും

സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ മെസേജിംഗ് സൈറ്റില്‍ തെറ്റായ വിവരങ്ങള്‍ വ്യാപിക്കുന്നതു തടയുന്നതിനായി അന്താരാഷ്ട്ര വാര്‍ത്താ ദാതാക്കളായ റോയിട്ടേഴ്സും അസോസിയേറ്റഡ് പ്രസുമായി ട്വിറ്റര്‍ കൈകോര്‍ക്കുന്നു. തെറ്റായ ഉള്ളടക്കം നീക്കംചെയ്യാന്‍ തുടര്‍ച്ചയായി സമ്മര്‍ദം നേരിട്ടുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. എതിരാളികളായ രണ്ട് വാര്‍ത്താ ഏജന്‍സികളുമായും ചേര്‍ന്ന് ട്വിറ്റര്‍ വെവ്വേറെയായാകും പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷാ ഉള്ളടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഉയര്‍ന്ന ആവൃത്തി ട്വീറ്റുകള്‍ വരുന്ന ഇവന്റുകളെക്കുറിച്ചുള്ള ഏറ്റവും കൂടുതല്‍ പശ്ചാത്തല വിവരങ്ങള്‍ നല്‍കാന്‍ വാര്‍ത്താ ഏജന്‍സികള്‍ ട്വിറ്ററിനെ സഹായിക്കും. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ വ്യാപനത്തെ ചെറുക്കാന്‍ ഇതുപകരിക്കുമെന്ന് പ്ലാറ്റ്‌ഫോം പ്രതീക്ഷിക്കുന്നു.
വസ്തുതകള്‍ തര്‍ക്കത്തിലാകുമ്പോള്‍ കൃത്യവും വിശ്വസനീയവുമായ വിവരങ്ങള്‍ അതിവേഗം ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ പങ്കാളിത്തം പ്രാപ്തമാക്കുമെന്ന് ട്വിറ്റര്‍ പറഞ്ഞു. ഇവ വൈറല്‍ ആകുന്നതുവരെ കാത്തിരിക്കാതെ തടയാനാകുന്നത് ഏറെ ആശ്വാസകരമാകും. റോയിട്ടേഴ്സും എപിയും വസ്തുതാ പരിശോധനയ്ക്ക് ഫെയ്സ്ബുക്കിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍, ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ ട്വിറ്ററിന്റെ ക്യൂറേഷന്‍ ടീം വിശ്വസനീയമായ ഉറവിടങ്ങളെ കണ്ടെത്തി വലിയ യത്നമാണ് നടത്തിവരുന്നത്. പുതിയ സംയുക്ത സംരംഭത്തിലൂടെ ഈ ജോലിയുടെ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിക്കുമെന്ന് ട്വിറ്റര്‍ പറഞ്ഞു. റോയിട്ടേഴ്‌സില്‍നിന്നും എപിയില്‍ നിന്നുമുള്ള വിവരങ്ങള്‍ പ്ലാറ്റ്‌ഫോമിലെ വിവര വിശ്വാസ്യത മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ.

നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് നിര്‍ണയിക്കാന്‍ തങ്ങളുടെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീമുകള്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് ഈ ദൗത്യം സ്വതന്ത്രമായിരിക്കുമെന്നും ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീമുകളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നത് കൃത്രിമമായ മാധ്യമ വാര്‍ത്തകള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങി പ്ലാറ്റ്ഫോം നിയമങ്ങളുടെ ലംഘനം കണ്ടെത്തുകയാണ്. കൃത്യമല്ലെന്ന് കണ്ടെത്തിയ ട്വീറ്റുകള്‍ ലേബല്‍ ചെയ്യാന്‍ സന്നദ്ധപ്രവര്‍ത്തകരെ പ്രാപ്തരാക്കുന്നതിന് ഈ വര്‍ഷം ആദ്യം, ബേര്‍ഡ്വാച്ച് എന്ന പുതിയ കമ്മ്യൂണിറ്റി മോഡറേഷന്‍ സിസ്റ്റം ആരംഭിച്ചിരുന്നു. ലോകമെമ്പാടുമായി 199 ദശലക്ഷം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ സ്ഥാപനത്തിന്റെ വക്താവ് പറയുന്നതനുസരിച്ച്, ട്വിറ്റര്‍ അതിന്റെ സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാര്‍ത്താ സംഘടനകളുമായി ഔദ്യോഗികമായി സഹകരിക്കുന്നത് ഇതാദ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.