മൗറീഷ്യസ് ദ്വീപില്‍ ഇന്ത്യയുടെ രഹസ്യ സൈനികത്താവള പദ്ധതി മുന്നേറുന്നു

മൗറീഷ്യസ് ദ്വീപില്‍ ഇന്ത്യയുടെ രഹസ്യ സൈനികത്താവള പദ്ധതി മുന്നേറുന്നു

ചൈനയുടെ സമുദ്രാധിപത്യ ഭീഷണിക്കെതിരെ ഓസ്ട്രേലിയയുമായുള്ള
സഹകരണത്തിനു കരുത്തേകുന്ന താവളം ചെറുദ്വീപായ അഗലെഗയില്‍

മെല്‍ബണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപില്‍ ഇന്ത്യ രഹസ്യ സൈനിക താവളം നിര്‍മ്മിക്കുന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ എബിസി റിപ്പോര്‍ട്ടു ചെയ്തു. ചൈനയുടെ കടന്നു കയറ്റ ഭീഷണി നിലവിലുള്ള ഈ മേഖലയില്‍ ഓസ്ട്രേലിയയുമായി പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതിനിടെയാണ് ഇന്ത്യയുടെ രഹസ്യ പദ്ധതി മുന്നേറുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദൂര മൗറീഷ്യന്‍ ദ്വീപായ അഗലെഗയില്‍ രണ്ട് നാവിക ജെട്ടികളുടെയും ഒരു വലിയ റണ്‍വേയുടെയും നിര്‍മ്മാണം കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നു വരികയാണ്. ഇവ സൈനിക ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് സൈനിക വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എളുപ്പം കടന്നു ചെല്ലാന്‍ കഴിയാത്ത മഹാസമുദ്ര മേഖലയാണിത്.


അഗലെഗയിലെ പുതിയ സംയുക്ത സൈനിക താവളത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 2018 ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ മൗറീഷ്യസും ഇന്ത്യയും നിഷേധിച്ചിരുന്നു. ദ്വീപ് നിവാസികള്‍ക്കായി അടിസ്ഥാന സൗകര്യ വികസനം മാത്രമാണു നടക്കുന്നതെന്നായിരുന്നു വിശദീകരണം.

മൗറീഷ്യസിലെ പ്രധാന ദ്വീപില്‍ നിന്ന് ഏകദേശം 1,100 കിലോമീറ്റര്‍ അകലെ 300 ഓളം ആളുകള്‍ മാത്രം താമസിക്കുന്ന ചെറുദ്വീപാണ് അഗലെഗ. എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ വലിയ വാണിജ്യ കപ്പലുകള്‍ കടന്നു പോകുന്ന മൊസാംബിക്ക് പാതയെ ലക്ഷ്യമാക്കി കടല്‍ പട്രോളിംഗ് സുഗമമാക്കാന്‍ അഗലെഗ താവളം ഉപകരിക്കുമെന്നാണ് വിദഗ്ധ നിഗമനം.

തന്ത്രപ്രധാനമായ ഇവിടെ ഔട്ട്പോസ്റ്റ് സൗകര്യം കൈവന്നാല്‍ ഇന്ത്യയുടെ നാവികസേനയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ഷിപ്പിംഗ് റൂട്ടുകള്‍ നിരീക്ഷിക്കാന്‍ കഴിയും. ഇപ്പോള്‍ ചൈനയുടെ ഊര്‍ജ്ജ ഇറക്കുമതിയുടെ ഗണ്യമായ ഭാഗം ഇതുവഴിയാണെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക പ്രാധാന്യമുണ്ട് അഗലെഗ പദ്ധതിക്ക്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.