കോവിഡ് വാക്‌സിന്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രം പോരെന്ന് ഡബ്ല്യുഎച്ച്ഒ

കോവിഡ് വാക്‌സിന്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രം പോരെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: കോവിഡ് വാക്സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം വർധിക്കുന്ന സാഹചര്യത്തിൽ അതിന് എതിരെ ലോകാരോഗ്യസംഘടന. കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് (ബൂസ്റ്റർ ഡോസ്) സെപ്റ്റംബർ അവസാനം വരെ നൽകുന്നതിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എതിർത്തു.

എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു. വാക്സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനാണിത്.

‘ഡെൽറ്റ വകഭേദത്തിൽനിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടേയും ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, വാക്സിനുകളുടെ ആഗോള വിതരണത്തിൽ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങൾ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടനാ മേധാവി പറഞ്ഞു.

വാക്സിൻ ഡോസുകൾ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ മൂന്നാം ഡോസ് വാക്സിനും നൽകാൻ ആരംഭിച്ച ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് സെപ്റ്റംബർ മുതൽ വീണ്ടും ബൂസ്റ്റർ വാക്സിൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റർ വാക്സീൻ നൽകുമെന്ന് യുഎഇയും പ്രഖ്യാപിച്ചിരുന്നു.

ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗ് കഴിഞ്ഞ ആഴ്ച മൂന്നാം ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.