ഗര്‍ഭസ്ഥ ശിശുവിന്റെ
'ജീവനുള്ള അവകാശം'
കോടതികള്‍ കാക്കണം
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ നിയമ നിര്‍മ്മാണ സഭയായ നാഷണല്‍ കോണ്‍ഗ്രസ് ഡിസംബര്‍ 30നു പാസാക്കിയ ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെ ശക്തമായ പ്രതിരോധവുമായി രാജ്യത്തെ കത്തോലിക്കാ സര്‍വ്വകലാശാലകളുടെ കൂട്ടായ്മ. ഭരണഘടനാ നിയമ ക്രമത്തിനെതിരായാണ് നാഷണല്‍ കോണ്‍ഗ്രസ് നീങ്ങുന്നതെന്ന ആരോപണവുമായുള്ള സംയുക്ത പ്രസ്താവനയും ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു.
ഗര്‍ഭസ്ഥ ശിശുവിന്റെ മാനവികതയ്ക്കുള്ള ശാസ്ത്രീയ അടിത്തറ തിരസ്‌കരിക്കരുതെന്ന് മൗലിക സ്വാതന്ത്ര്യങ്ങള്‍ വിനിയോഗിക്കാനുള്ള പ്രതിബദ്ധതയെ ഊന്നിപ്പറഞ്ഞുകൊണ്ട് കത്തോലിക്കാ സര്‍വ്വകലാശാലകളുടെ കൂട്ടായ്മ നിയമ നിര്‍മ്മാതാക്കളോടും കോടതികളോടും ആവശ്യപ്പെട്ടു. ജീവിത സംസ്‌കാരവുമായി രാജ്യം പൊരുത്തപ്പെട്ടുപോകണം. മനുഷ്യരെ ഗര്‍ഭധാരണത്തില്‍ നിന്ന് സ്വാഭാവിക മരണം വരെ സംരക്ഷിക്കേണ്ടതാകണം നിയമപരമായ ഉത്തരവുകള്‍.
ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം അനുവദിക്കുന്ന അര്‍ജന്റീനയുടെ പുതിയ നിയമം ഗര്‍ഭസ്ഥ ശിശുവിന്റെ 'ജീവിക്കാനുള്ള അവകാശം' ഹനിക്കുന്നതാണ്. ആരോഗ്യ, വിദ്യാഭ്യാസ നിയമങ്ങള്‍ പ്രവിശ്യകളുടെ അധികാരമേഖലയാണെന്നതു മറന്നിരിക്കുകയാണ് നിയമനിര്‍മ്മാതാക്കളെന്നും പ്രസ്താവനയില്‍ പറയുന്നു. വിവിധ പ്രവിശ്യകളിലെ കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ വന്നുകഴിഞ്ഞു. 'ഈ നിയമം അര്‍ജന്റീന കൂടി ഒപ്പിട്ട അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ ഭരണഘടനകളുമായി പൊരുത്തപ്പെടുന്നില്ലെന്നും സര്‍വ്വകലാശാലകളുടെ സമിതി ചൂണ്ടിക്കാട്ടി.