ജക്കാര്‍ത്ത: ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം അതിരൂക്ഷമായതോടെ ഇന്തോനേഷ്യയില്‍ കോവിഡ് മരണ സംഖ്യ ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, അനൗദ്യാഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം യാഥാര്‍ത്ഥ എണ്ണം ഇതിലും ഏറെയാണ്.മരണസംഖ്യ ഉയരുന്നത് രാജ്യത്തിനു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യം രൂക്ഷമായെന്ന് ഇന്‍ഡോനേഷ്യ ഹോസ്പിറ്റല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ലിയ പാര്‍ട്ടകുസുമ പറഞ്ഞു. ആശുപത്രി കിടക്കകള്‍ ലഭിക്കാതെ വീടുകളില്‍ കഴിയേണ്ടിവരുന്നവര്‍ക്കിടയില്‍ മരണ സംഖ്യ ഉയരുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ അസോസിയേഷന് ലഭിച്ചതായും അവര്‍ സമ്മതിച്ചു.ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. 2020 മാര്‍ച്ച് മുതല്‍ 3.5 ദശലക്ഷത്തിലധികം കോവിഡ് 19 കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മുതല്‍ ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ മാത്രം 7,914 പേരാണ് രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചത്. ജൂലൈ മാസത്തില്‍ 30,100 ല്‍ അധികം മരണങ്ങളും.
മെയ് അവസാനത്തോടെ ഇന്തോനേഷ്യയില്‍ കോവിഡ് മരണം 50,000 കടന്നിരുന്നു. രാജ്യത്ത് കോവിഡ്ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് 14 മാസംകൊണ്ടാണ് അര ലക്ഷം കടന്നത്.കഴിഞ്ഞ ദിവസം 1,747 പേര്‍ കോവിഡ് മൂലം മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00,636 ആയതായി ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഇരട്ടിയാവാന്‍ വെറും ഒമ്പത് ആഴ്ചകള്‍ മാത്രമാണെടുത്തത്.രോഗബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ജാവ ഉള്‍പ്പെടെ പലയിടത്തും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. രാജ്യത്ത് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്റെ ഭൂരിഭാഗവും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ പേര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ പലയിടങ്ങളിലും താല്‍ക്കാലിക ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രികളിലേക്ക് മരുന്ന് വിതരണത്തിലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഇന്തോനേഷ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം സഹ മേധാവി മഹേഷ പരണാദിപ പറഞ്ഞു.
അതേസമയം, കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ നഷ്ടമായാല്‍ അവരില്‍ ഏറിയ ആളുകളുടെയും വിവരങ്ങള്‍ ഔദ്യോഗിക കണക്കുകളില്‍ ചേര്‍ക്കുന്നില്ലെന്ന് കോവിഡ് മരണങ്ങളെക്കുറിച്ച് ഡാറ്റ ശേഖരിച്ചു ക്രോഡീകരിക്കുന്ന സ്വതന്ത്ര സ്ഥാപനമായ ലാപോര്‍ കോവിഡ് 19 അറിയിച്ചു. രോഗവ്യാപനം തീവ്രമായതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശനം നിരസിച്ച ആളുകള്‍ക്കാണ് വീടുകളില്‍ കഴിയേണ്ടിവന്നത്. കൃത്യമായ പരിചരണം ലഭിക്കാത്തതിനാല്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ലാപോര്‍കോവിഡ് 19 സ്ഥാപകരിലൊരാളായ അഹമ്മദ് ആരിഫ് പറഞ്ഞു. ജൂണ്‍ ആദ്യം മുതല്‍ ഇതുവരെ വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ 2,800ല്‍ അധികം ആളുകള്‍ക്കു ജീവന്‍ നഷ്ടമായെന്നാണ് ലാപോര്‍കോവിഡ് 19 നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ആ മരണങ്ങളില്‍ ചിലത് മാത്രമേ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെട്ടുള്ളൂ. മറ്റുള്ളവ ഒഴിവാക്കപ്പെട്ടു.