സ്‌കൂള്‍ കുട്ടികള്‍ക്ക് പുഴുവരിച്ച അരി; കഴുകി നല്‍കാനുള്ള നീക്കം തടഞ്ഞു

സ്‌കൂള്‍ കുട്ടികള്‍ക്ക് പുഴുവരിച്ച അരി; കഴുകി നല്‍കാനുള്ള നീക്കം തടഞ്ഞു

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ ഓണക്കാലത്ത് സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്കു വിതരണം ചെയ്യാനിരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള പുഴുവരിച്ച അരി. പഴകിയ അരി കീടനാശിനികള്‍ ഉള്‍പ്പെടെ ചേര്‍ത്തു വൃത്തിയാക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ഗോഡൗണ്‍ ഉപരോധിച്ച് തടഞ്ഞു. സിവില്‍ സപ്ലൈസ് അധികൃതരുടെ അറിവോടെയാണ് പഴകിയ 2000 ചാക്ക് അരി വൃത്തിയാക്കാന്‍ കരാര്‍ നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനത്തെമ്പാടും ഇത്തരത്തില്‍ പഴകിയ അരി വൃത്തിയാക്കി സ്‌കൂളുകള്‍ വഴി വിതരണം ചെയ്യാനാണ് ആലോചനയെന്നും സൂചനയുണ്ട്.

കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയില്‍ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലാണു സംഭവം. സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ 2018 ബാച്ചില്‍പ്പെട്ട അരി ഉള്‍പ്പെടെ കൂട്ടത്തിലുണ്ട്. ഇതാകട്ടെ പഴകി പുരുവരിച്ച നിലയിലാണ്. ബംഗാളികളും തമിഴ്‌നാട്ടുകാരും അടങ്ങുന്ന തൊഴിലാളികള്‍ അനവധി ചാക്കുകള്‍ വൃത്തിയാക്കിക്കഴിഞ്ഞു. അരി വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനികളുടെ കുപ്പികളും പിടിച്ചെടുത്തു. ഗോഡൗണില്‍ ഏറെക്കാലമായി അട്ടിയിട്ടിരുന്ന 2000 ചാക്ക് അരി തൊഴിലാളികളെ കൊണ്ടു വൃത്തിയാക്കാനാണു സപ്ലൈകോ അധികൃതര്‍ കഴിഞ്ഞ 15ന് ഉത്തരവിറക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.