അഫ്ഗാന്‍ മാധ്യമ വിഭാഗം മേധാവിയെ മസ്ജിദില്‍ പ്രാര്‍ഥനയ്ക്കിടെ താലിബാന്‍ വധിച്ചു; പ്രവിശ്യാ തലസ്ഥാനം കീഴടക്കി

അഫ്ഗാന്‍ മാധ്യമ വിഭാഗം മേധാവിയെ മസ്ജിദില്‍  പ്രാര്‍ഥനയ്ക്കിടെ താലിബാന്‍ വധിച്ചു; പ്രവിശ്യാ തലസ്ഥാനം കീഴടക്കി

കാബൂള്‍: അഫ്ഗാനിസ്താന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ കാബൂളിലെ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ താലിബാന്‍ കൊലപ്പെടുത്തി. ദാവ ഖാന്‍ മിനാപല്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ധീര ദേശാഭിമാനിയായ അഫ്ഗാനിയെയാണ് താലിബാന്‍ നിഷ്ഠുരമായി വധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മിര്‍വായിസ് സ്റ്റനിക്‌സായ് പറഞ്ഞു.

സര്‍ക്കാരിന്റെ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) മേധാവിയായിരുന്ന ദാവ ഖാന്‍ മിനാപാല്‍ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സംഘത്തിലെ വക്താവായും സേവനമനുഷ്ഠിച്ചിരുന്നു.പാശ്ചാത്യ പിന്തുണയുള്ള ജനകീയ സര്‍ക്കാരിനെ പുറത്താക്കാന്‍ താലിബാന്‍ ഭീകരര്‍ നടത്തിവരുന്ന കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കാബൂളിലെ മസ്ജിദില്‍ അരങ്ങേറിയത്. യു.എസ്, നാറ്റോ സേനകള്‍ പിന്‍ വാങ്ങിയതോടെ താലിബാന്‍ നരമേധം പുനരാരംഭിക്കുകയായിരുന്നു. രാജ്യത്തെ പല പ്രദേശങ്ങളും ഭീകര പ്രസ്ഥാനത്തിന്റെ പിടിയിലായിക്കഴിഞ്ഞു.

നിമ്രോസിന്റെ പ്രവിശ്യാ തലസ്ഥാനമായ സരഞ്ജ് നഗരം താലിബാന് കീഴടങ്ങിയതായി ഡെപ്യൂട്ടി ഗവര്‍ണര്‍ റോ ഗുല്‍ ഖൈര്‍സാദ് എഎഫ്പിയോട് പറഞ്ഞു. താലിബാന്‍ പിടച്ചടക്കുന്ന ആദ്യ പ്രവിശ്യാ തലസ്ഥാനമാണിത്. സര്‍ക്കാരിന് ഇത് കനത്ത മാനസിക പ്രഹരമായി.ഇറാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ നഗരം 'ഒരു പോരാട്ടവുമില്ലാതെ' വീണുപോയെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ സമ്മതിച്ചു. താലിബാന്‍ പോരാളികള്‍ തെരുവുകളില്‍ അലഞ്ഞുതിരിയുന്നതിന്റെയും ജനങ്ങള്‍ ആഹ്ലാദിക്കുന്നതിന്റെയും ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.