മാഡ്രിഡ്: ബാഴ്സലോണയുടെ ജഴ്സിയില്‍ ഇനി ഇതിഹാസതാരം ലയണല്‍ മെസ്സിയില്ല. രണ്ടു പതിറ്റാണ്ടു നീണ്ട ആത്മബന്ധത്തിന് വികാരനിര്‍ഭരമായിരുന്നു വിടവാങ്ങല്‍ നിമിഷം. നൗകാംപില്‍ ഇന്ത്യന്‍ സമയം 3.30ന് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിക്കരഞ്ഞാണ് മെസ്സി ബാഴ്സ ആരാധകരോട് വിടചൊല്ലിയത്.
ബാഴ്സയെ വിടുന്നത് ഏറ്റവും പ്രസായകരമായ നിമിഷമാണെന്ന് താരം പറഞ്ഞു. വര്‍ഷങ്ങളായി ഇവിടെത്തന്നെയായിരുന്നു. 13 വയസുമുതല്‍ എന്റെ ജീവിതം മുഴുവന്‍ ഇവിടെത്തന്നെയായിരുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്ലബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്; സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്ലബിനു വേണ്ടി എല്ലാം ഞാന്‍ നല്‍കിയിട്ടുണ്ടെന്നും മെസ്സി പറഞ്ഞു.
എന്നെ ഞാനാക്കിയത് ബാഴ്സയാണ്. ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ക്ലബിനെ ഞാനിഷ്ടപ്പെടുന്നു. ഒന്നര വര്‍ഷത്തോളം ആരാധകരെ കാണാനായിരുന്നില്ല. ഏറെ പ്രയാസകരമായിരുന്നു അത്. ആരാധകര്‍ കാണിച്ച സ്നേഹത്തിനെല്ലാം നന്ദി.കണ്ണീരോടെ താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ക്ലബ് വിടാന്‍ ആഗ്രഹിച്ചിരുന്നു. അപ്പോള്‍ അതു തീരുമാനിച്ചുറച്ചു തന്നെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. കുടുംബത്തോടൊപ്പം ക്ലബിലും ഈ നഗരത്തിലും തുടരാനുറപ്പിച്ചതായിരുന്നു ഈ വര്‍ഷം. അതു തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും. എന്നാല്‍ ഇന്നെനിക്ക് വിടപറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.