മൂന്ന് ദിവസത്തിനിടെ അഫ്ഗാനിസ്ഥാനിലെ മൂന്നു പ്രധാന പ്രവിശ്യകള്‍ പിടിച്ചെടുത്ത് താലിബാന്‍

മൂന്ന് ദിവസത്തിനിടെ അഫ്ഗാനിസ്ഥാനിലെ മൂന്നു പ്രധാന പ്രവിശ്യകള്‍ പിടിച്ചെടുത്ത് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന പ്രവിശ്യയായ കുണ്ടുസ് നഗരവും പിടിച്ചെടുത്തതായി താലിബാന്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചടക്കുന്നത്. നഗരത്തിലെ പോലീസ് ആസ്ഥാനവും ഗവര്‍ണറുടെ കോമ്പൗണ്ടും ജയിലും പിടിച്ചെടുത്തതായി താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി അഫ്ഗാനിലെ ഗ്രാമങ്ങള്‍ വ്യാപകമായി പിടിച്ചെടുക്കുന്ന താലിബാന്‍ ഇപ്പോള്‍ നഗരങ്ങളിലേക്കു നീങ്ങിത്തുടങ്ങുകയാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കു ശേഷം മാത്രം മൂന്ന് പ്രവിശ്യകളുടെ തലസ്ഥാനങ്ങളാണ് താലിബാന്‍ പിടിച്ചെടുത്തത്. വടക്കന്‍ അഫ്ഗാനിലെ കുണ്ടൂസ്, സാര്‍-ഇ-പുല്‍, തലോഖാന്‍ എന്നീ നഗരങ്ങള്‍ കാര്യമായ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാതെതന്നെ താലിബാന്‍ നിയന്ത്രണത്തിലാക്കി.

കുണ്ടൂസ് പിടിച്ചെടുക്കാനായതാണു താലിബാന്റെ പ്രധാന നേട്ടം. 2015-ലും 2016-ലും നഗരം പിടിച്ചെടുത്തിരുന്നെങ്കിലും അധികനാള്‍ കൈവശം വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

നഷ്ടമായ പ്രവിശ്യകള്‍ വീണ്ടെടുക്കാന്‍ സേന പരിശ്രമിക്കുന്നുണ്ടെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വടക്കന്‍ മേഖലയുടെ നിയന്ത്രണം നഷ്ടമാകുന്നത് അഫ്ഗാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാന്‍ ഇടയുണ്ട്. രാജ്യത്തെ സായുധ സേനകളിലേക്കു ചെറുപ്പക്കാരെ തിരഞ്ഞെടുക്കുന്ന മേഖല ഒട്ടേറെ ഭീകരരുടെയും താവളമാണ്.

വിമാനത്താവളവും സൈനിക ക്യാമ്പുകളും മാത്രമേ അഫ്ഗാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളൂ. ആ പ്രദേശങ്ങള്‍ ഒഴികെയുള്ള കുണ്ടൂസിന്റെ എല്ലാ മേഖലകളും താലിബാന്‍ നിയന്ത്രണത്തിലാണെന്നു കുണ്ടൂസില്‍നിന്നുള്ള പ്രവിശ്യാ കൗണ്‍സില്‍ അംഗം മുഹമ്മദ് യൂസഫ് അയൂബി പറഞ്ഞു. നിരപരാധികളും പാവപ്പെട്ടവരുമായ ജനങ്ങളാണ് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നത്. സര്‍ക്കാര്‍ സേനയും താലിബാനും സാധാരണക്കാരുടെ ശത്രുക്കളാണ്-അയൂബി കൂട്ടിച്ചേര്‍ത്തു

രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളിലേക്കുള്ള കവാടമായിട്ടാണ് ഈ നഗരം കണക്കാക്കപ്പെടുന്നത്. തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പടെയുള്ള മറ്റ് പ്രധാന നഗരങ്ങളുമായി കുണ്ടുസിനെ ബന്ധിപ്പിക്കുന്ന ഹൈവേകള്‍ ഉള്ളതിനാല്‍ ഏറെ പ്രാധാന്യമുണ്ട്.

അഫ്ഗാനെ സഹായിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ യുഎസ് സേന പലയിടത്തും വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. അഫ്ഗാനില്‍നിന്നുള്ള യു.എസ് സേനയുടെ പിന്മാറ്റം ഈ മാസം അവസാനത്തോടെയാണു പൂര്‍ണമാകുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.