തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ പുരുഷ, വനിത തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ. പുരുഷന്മാർക്ക് പാന്റ്സും ഷർട്ടും വനിതകൾക്ക് ചുരിദാറും കുർത്തയും നൽകണമെന്നാണ് തീരുമാനം.
അടുത്ത പത്തുവർഷത്തിനുള്ളിൽ ജയിലുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ച മിഷൻ 2030 രൂപരേഖയിലാണ് ഇത് ശുപാർശ ചെയ്യുന്നത്. എന്നാൽ നിലവിൽ പുരുഷ തടവുകാർക്ക് മുണ്ടും ഷർട്ടും വനിതകൾക്ക് മുണ്ടും ചട്ടയുമാണ് വേഷം.
അതേസമയം എല്ലാ തടവുകാർക്കും കട്ടിൽ, ബെഡ്ഷീറ്റ്, തലയണ, കൊതുകുവല, പുതപ്പ്, പേസ്റ്റ്, ബ്രഷ് തുടങ്ങിയവ നൽകണമെന്നും ശുപാർശയുണ്ട്. മുൻഗണന നൽകേണ്ട 10 പദ്ധതികളെക്കുറിച്ച് ജയിൽ ഉദ്യോഗസ്ഥരിൽനിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ശുപാർശ സർക്കാർ പരിശോധിച്ചശേഷമാകും അന്തിമ തീരുമാനമെടുക്കുക.