ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ഘട്ടമായ ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. രണ്ടു തവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 5.43 നാണ് ജിഎസ്എല്‍വി 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്.
രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-03 ക്ക് 2268 കിലോഗ്രാം ഭാരമുണ്ട്. ശക്തിയേറിയ ക്യാമറകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തെയും സമുദ്രത്തെയും അതിര്‍ത്തികളെയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ഉപഗ്രഹം. 18 മിനിറ്റിനകം ജിഎസ്എല്‍വി- എഫ് 10 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
റോക്കറ്റിന് 51.70 മീറ്ററാണ് നീളം. 416 ടണ്‍ ഭാരവുമുണ്ട്. എന്താണ് ഉപഗ്രഹത്തിന് സംഭവിച്ചത് എന്നതിനെപ്പറ്റി ഐഎസ്ആര്‍ഒ അധികൃതര്‍ വിശകലനം നടത്തുകയാണ്. ഇതുവരെ കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുതകുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03. പത്തു വര്‍ഷമായിരുന്നു ഉപഗ്രഹത്തിന്റെ ആയുസ്.