മോസ്‌കോ: കിഴക്കന്‍ റഷ്യയില്‍ ഹെലികോപ്ടര്‍ തടാകത്തില്‍ തകര്‍ന്നു വീണു എട്ട് സഞ്ചാരികളെ കാണാതായി. വിനോദസഞ്ചാരികളടക്കം 16 പേരുമായി പറന്ന എം-8 ഹെലികോപ്ടറാണ് തടാകത്തില്‍ തകര്‍ന്നുവീണത്. കിഴക്കന്‍ റഷ്യയിലെ കാംചട്ക ഉപദ്വീപില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം.
76 ചതുരശ്വ കിലോമീറ്റര്‍ വിസ്തൃതിയും 316 മീറ്റര്‍ പരമാവധി ആഴവുമുള്ള കുരില്‍ തടാകത്തിലേക്ക് കോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു. കാണാതായവര്‍ മരിച്ചതായാണ് വിശ്വസിക്കുന്നതെന്നു പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. വിറ്റ്യാസ് എയ്റോ എന്ന കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഹെലികോപ്ടറില്‍ ഒരു കുട്ടിയടക്കം 13 സഞ്ചാരികളും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കാംചട്കയിലെ ക്രൊനോട്സ്‌കി നാഷനല്‍ റിസര്‍വില്‍ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ഇവര്‍. നിയന്ത്രണം നഷ്ടമായ കോപ്ടര്‍ വെള്ളത്തില്‍ ഇറക്കാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും ഫലപ്രദമായില്ലെന്നും ക്ഷണ വേഗത്തില്‍ മുങ്ങിത്താണെന്നും അധികൃതര്‍ വ്യക്തമാക്കി.
അപടകത്തിനു പിന്നാലെ ഹെലികോപ്ടറിന്റെ ഭാഗങ്ങള്‍ തടാകത്തില്‍ ഒഴുകി നടന്നതായി ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തു. 37 വര്‍ഷം മുമ്പ് സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് കോപ്ടറെന്നും ഈയിടെ അറ്റക്കുറ്റപ്പണികള്‍ നടത്തിയതായി അധികൃതര്‍ വ്യക്തമാക്കിയെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കോപ്ടറില്‍ നിന്ന് അടര്‍ന്നുമാറിയ ഭാഗങ്ങളുടെ സഹായത്തോടെയാണ് അപകടത്തില്‍പ്പെട്ടവരില്‍ പലരും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട എട്ടു പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. അന്തരീക്ഷത്തിലെ മൂടല്‍ മഞ്ഞാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.