ബര്‍ലിന്‍: ജര്‍മ്മനിയില്‍ കോവിഡ് വാക്സിനു പകരം ഉപ്പുവെള്ളം കുത്തിവച്ച നഴ്സിനെ ജോലിയില്‍നിന്ന് പുറത്താക്കി. 8,600 പേര്‍ക്കാണ് വാക്സിനു പകരം ഉപ്പുവെള്ളം കുത്തിവച്ചത്. ഉപ്പുവെള്ളം കുത്തിവച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വടക്കന്‍ ജര്‍മ്മനിയില്‍ ആളുകളോട് വീണ്ടും വാക്‌സിനെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആരോഗ്യ വിഭാഗം.
കടല്‍ തീരത്തിനടുത്തുള്ള ഗ്രാമീണ ജില്ലയായ ഫ്രീസ്ലാന്‍ഡിലെ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് സംഭവം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുത്തിവയ്പ് ലഭിച്ച മിക്ക ആളുകള്‍ക്കും സംശയാസ്പദമായ സാഹചര്യത്തില്‍ ഉപ്പുവെള്ളമാണ് കുത്തിവച്ചത്. വൈറല്‍ രോഗം പിടിപെടാനുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രായമായ ആളുകളിലാണ് കുത്തിവയ്പ്പ് നടന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പേര് വെളിപ്പെടുത്താത്ത നഴ്സിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ വാക്സിനുകളെക്കുറിച്ച് ഇവര്‍ സംശയാസ്പദമായ വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംശയത്തെതുടര്‍ന്ന് നടത്തിയ ആന്റിബോഡി പരിശോധനയിലാണ് ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ ലഭിച്ചില്ലെന്ന് വ്യക്തമായത്. റെഡ് ക്രോസിന് വേണ്ടി പ്രവര്‍ത്തിച്ച 40 വയസുള്ള നഴ്സിനെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്. ഉപ്പു വെള്ളം കുത്തിവച്ചതായി നഴ്‌സ് സമ്മതിച്ചിരുന്നു.