കാബൂള്‍ :അഫ്ഗാനില്‍ താലിബാനു ഭരണ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഭീകരാക്രമണത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഖത്തറിന്റെ മാദ്ധ്യസ്ഥ്യത്തില്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട്. അതേസമയം, താലിബാന്റെ പ്രതികരണം വ്യക്തമായിട്ടില്ലെന്നാണു സൂചന. വിദേശ ശക്തികളുടെ പിന്തുയോടെയാണ് ഖത്തറിന്റെ മാദ്ധ്യസ്ഥ്യ നീക്കം.
യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നടന്ന യോഗത്തില്‍ ഈ നിര്‍ണായക നിര്‍ദ്ദേശം ചര്‍ച്ചയായി. പ്രതിരോധ സേനയ്ക്ക് ഇനിയും ചെറുത്തു നില്‍ക്കാന്‍ പ്രയാസമായതിനാലാണ് താലിബാനുമായി സന്ധി സംഭാഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാബൂള്‍ കൂടി പിടിച്ചടക്കിയാല്‍ അഫ്ഗാന്‍ ഭരണം താലിബാന്റെ കയ്യിലാകുമെന്നത് വ്യക്തമാണ്. താലിബാന്‍ ഭീകരാക്രമണം കാരണം രാജ്യത്ത് കഷ്ടപ്പെടുന്ന സാധാരണക്കാരുടെ അവസ്ഥ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
കാബൂളിന് സമീപമുള്ള ഗസ്നി നഗരം താലിബാന്‍ പിടിച്ചടക്കിയതോടെ അഫ്ഗാന്‍ ഭരണകൂടത്തിന് ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും നഷ്ടമായിരുന്നു. അടുത്ത ലക്ഷ്യം കാബൂള്‍ ആണെന്ന താലിബാന്റെ മുന്നറിയിപ്പ് ഭരണകൂടത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് ഭീകരര്‍ കീഴടക്കിയത്.ഇനി പരമാവധി 90 ദിവസമേ അഷ്‌റഫ് ഘാനി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കാബൂളിലെ ആധിപത്യം നിലനിര്‍ത്താന്‍ കഴിയൂ എന്നാണ് അമേരിക്കയുടെ നിരീക്ഷണം.
തുടര്‍ച്ചയായി ഭീകരാക്രമണം നടത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാന്റെ വേട്ട അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഭീകരരെ ഭയന്ന് നേതാക്കള്‍ രാജ്യത്ത് നിന്നും പലായനം ചെയ്ത സംഭവങ്ങളുമുണ്ടായി. അഫ്ഗാന് ആവശ്യമായ പ്രതിരോധ സഹായം ലോകരാജ്യങ്ങളില്‍ നിന്നും ലഭിക്കാതെ വന്നതോടെ താലിബാനുമായി ചര്‍ച്ച നടത്താതെ സര്‍ക്കാരിന് പോംവഴിയില്ലെന്നായി.താലിബാന്‍ വിരുദ്ധ പോരാട്ടത്തില്‍ യുഎസ് അഫ്ഗാന്‍ സര്‍ക്കാരിനെ കയ്യൊഴിഞ്ഞിരുന്നു.ഓഗസ്റ്റ് 31ന് മുന്‍പായി യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചു പോകുമെന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു പറഞ്ഞു.
യുഎസ് വ്യോമസേനയുടെ പിന്തുണയോടെ അഫ്ഗാന്‍ സൈന്യം തിരിച്ചടി തുടരുമ്പോഴും രാജ്യത്തിന്റെ പല മേഖലകളിലും പിടിമുറുക്കിയിട്ടുണ്ട് താലിബാന്‍. ഗ്രാമീണമേഖലകളില്‍ ആദ്യഘട്ടത്തി്ല്‍ തന്നെ നിയന്ത്രണം ഉറപ്പാക്കിയിരുന്നു ഭീകര സംഘടന. അഫ്ഗാനിസ്ഥാന്റെ 65 ശതമാനം ഭൂപ്രദേശവും താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, രാജ്യത്തിന്റെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാന്‍ ശക്തമായ പോരാട്ടം അഫ്ഗാന്‍ സര്‍ക്കാരും സൈനിക വിഭാഗങ്ങളും തുടരുന്നുണ്ട്. താലിബാന്റെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ കാബൂള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ സര്‍ക്കാരിന് പൊതുജന പിന്തുണയേറിയിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക വിഭാഗങ്ങള്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി കഴിഞ്ഞ ദിവസം വടക്കന്‍ മേഖലയിലെ മസര്‍ ഇ ഷറീഫ് നഗരത്തില്‍ വിമാനമിറങ്ങി. ഒറ്റ രാത്രി കൊണ്ട് ഫൈസാബാദ് നഗരം നിയന്ത്രണത്തിലാക്കിയതോടെ ഘാനി മസറിലേക്ക് എത്തുകയായിരുന്നു. നഗരത്തിലെ അടുത്ത അനുയായിയായ അട്ട മുഹമ്മദ് നൂറും അബ്ദുള്‍ റഷീദ് ദോസ്തുമുമായി ചര്‍ച്ച നടത്തിയ അഷ്‌റഫ് ഘാനി സൈനിക നീക്കങ്ങള്‍ വിലയിരുത്തി. മസര്‍ നഗരം കൂടി താലിബാന്‍ നിയന്ത്രണത്തിലായാല്‍ അഫ്ഗാനിലെ വടക്കന്‍ മേഖലയിലെ നിയന്ത്രണം സര്‍ക്കാരിന് പൂര്‍ണമായും നഷ്ടപ്പെടും.