ടോക്യോ: വടക്കന്‍ ജപ്പാനില്‍ ചരക്ക് കപ്പല്‍ രണ്ടായി പിളര്‍ന്ന് അപകടം. കപ്പലിലുണ്ടായിരുന്ന 21 അംഗ ജപ്പാനീസ്, ഫിലിപ്പിന്‍സ് ജീവനക്കാരെ തീരദേശ സേന രക്ഷപ്പെടുത്തി. 39,910 ടണ്‍ തടിക്കഷണങ്ങള്‍ കയറ്റിയ ക്രിംസണ്‍ പോളാരിസ് എന്ന പനാമാ പതാകയുള്ള കപ്പലിനാണ് അപകടം സംഭവിച്ചത്.
കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച തടയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയില്‍ എണ്ണ കലര്‍ന്നിട്ടുണ്ട്. ജപ്പാനിലെ ഹാച്ചിനോ തുറമുഖത്തേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. കാലാവസ്ഥ മോശമായിരുന്നതിനാല്‍ തുറമുഖത്തേക്ക് അടുപ്പിക്കാന്‍ കഴിയാതെ വന്നതോടെ നാല് കിലോമീറ്റര്‍ അകലെ കപ്പല്‍ നങ്കൂരമിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് പിളര്‍ന്ന് അപകടമുണ്ടായത്. പിളര്‍ന്ന രണ്ട് ഭാഗങ്ങളും കടലില്‍ നിന്നു നീക്കം ചെയ്യാനുള്ള നടപടിയും പുരോഗമിക്കുന്നു.