നോക്കെത്താ ദൂരത്തോളം വെള്ളപുതച്ച പോലെ മഞ്ഞു മൂടിയ, ആകാശവും ഭൂമിയും മരവിച്ച, മനുഷ്യവാസം തീരെക്കുറഞ്ഞ ഒരു സ്ഥലത്തേക്കു ജോലിക്കു പോകുമ്പോള്‍ എന്തൊക്കെ യോഗ്യതകളാണ് ഒരാള്‍ക്കു വേണ്ടത്? ജോലിയിലെ മികവ് കൊണ്ടുമാത്രം ഇവിടെ അതിജീവിക്കാനാകുമോ? തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ ജോലിക്ക് അപേക്ഷിക്കുന്നവരുടെ സ്വഭാവ ഗുണങ്ങള്‍ കൂടി പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക്ക് ഡിവിഷന്‍ (എ.എ.ഡി).
ജോലിയിലെ സാമര്‍ത്ഥ്യത്തിനൊപ്പം പര്യവേഷകര്‍ക്കു വേണ്ട സ്വഭാവ ഗുണങ്ങളുടെ പട്ടിക കൂടി പരിഷ്‌കരിച്ചിരിക്കുകയാണ് എ.എ.ഡി. കാഠിന്യമേറിയ കാലാവസ്ഥയില്‍ ശാരീരിക വെല്ലുവിളികള്‍ക്കൊപ്പം മാനസികമായ വെല്ലുവിളികളെ കൂടി അതിജീവിക്കാനുള്ള ശേഷിയാണു പരിശോധിക്കുക.
ഭൂമിയുടെ തെക്കേ അറ്റത്തുള്ള അന്റാര്‍ട്ടിക്കയിലെ നിരവധി തൊഴിലവസരങ്ങളിലേക്ക് ആളെ ക്ഷണിക്കാനുള്ള തയാറെടുപ്പിലാണ് എ.എ.ഡി. റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണമായും നടക്കുന്നത് ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക്ക് ഡിവിഷന്റെ കീഴിലാണ്. ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്ന 500-ലധികം ജോലികള്‍ക്കായി ഏകദേശം 3,500 അപേക്ഷകളാണ് സ്വീകരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക്ക് ഡിവിഷന്റെ കീഴില്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളാണ് അന്റാര്‍ട്ടിക്കയിലുള്ളത്-കേസി, ഡേവിസ്, മാവ്‌സണ്‍. വേനല്‍ക്കാലത്തു മാത്രമുള്ള ഗവേഷണ കേന്ദ്രം മക്വാരി ദ്വീപിലുമുണ്ട്.
ഷെഫ്, മെഡിക്കല്‍ പ്രാക്ടീഷണര്‍, ബോയിലര്‍ മേക്കര്‍, വെല്‍ഡര്‍, കാര്‍പന്റര്‍, പ്ലംബര്‍, കോണ്‍ക്രീറ്റര്‍, എയറോഡ്രോം മാനേജര്‍, റഫ്രിജറേഷന്‍ മെക്കാനിക് എന്നീ തൊഴില്‍ മേഖലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിസംബറിലാണ് അപേക്ഷകള്‍ സ്വകരിച്ചുതുടങ്ങുന്നത്.
നിരവധി ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള സന്നദ്ധതയും സാമൂഹിക ഉത്തരവാദിത്തങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള കഴിവും ജോലിപരമായ ഉത്തരവാദിത്തങ്ങള്‍ പരസ്പരം പങ്കിടാനുമുള്ള മികവുമാണ് യോഗ്യതകളായി എ.എ.ഡി മുന്നോട്ടുവയ്ക്കുന്നത്.
പര്യവേഷകര്‍ സഹപ്രവര്‍ത്തവരെ വെറുപ്പിക്കുന്നവരാകരുത്. സ്വയം ആത്മവിശ്വാസമുള്ളവരും അതു മറ്റുള്ളവരിലേക്ക് പകരാനും കഴിവുള്ളവരായിരിക്കണം. ബുദ്ധിമുട്ടേറിയ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ സ്വന്തം വികാരങ്ങളും സഹപ്രവര്‍ത്തകരുടെ വികാരങ്ങളും മനസിലാക്കാനുള്ള സന്നദ്ധതയുണ്ടായിരിക്കണം. അവരുടെ മാനസികവും ശാരീരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം-ഇങ്ങനെ പോകുന്നു പര്യവേഷകര്‍ക്കു വേണ്ട സ്വഭാവ ഗുണങ്ങളുടെ പട്ടിക.
പാരിസ്ഥിതികമായ വെല്ലുവിളികളേക്കാള്‍ മാനസിക-സാമൂഹിക വെല്ലുവിളികള്‍ നിറഞ്ഞതാണ് അന്റാര്‍ട്ടിക്കയിലെ ജോലിയെന്ന് എഎഡി ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റ് മാരി റിലേ പറഞ്ഞു.
കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വളരെ അകലെ ജീവിക്കുന്നതിനാല്‍ പര്യവേഷകരുടെ മാനസിക സമ്മര്‍ദം വളരെ വലുതാണ്. ആ വെല്ലുവിളികളോട് പ്രതികരിക്കാനും അന്റാര്‍ട്ടിക്കയിലെ ഗവേഷണ കേന്ദ്രങ്ങളുടെ ക്രമീകരണവുമായി പൊരുത്തപ്പെടാനുമുള്ള ഒരു വ്യക്തിയുടെ കഴിവ് യോഗ്യതകളില്‍ പ്രധാനമാണ്.
അടുത്തിടെ, അന്റാര്‍ട്ടിക് പര്യവേഷണ സംഘങ്ങളുടെ മേല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. ആരോഗ്യപരവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ പര്യവേഷകരുടെ മദ്യ ഉപഭോഗവും പരിമിതപ്പെടുത്തി. അടുത്ത വേനല്‍ക്കാലത്ത് പ്രാബല്യത്തില്‍ വരുന്ന ഈ നയം, പര്യവേഷകര്‍ക്ക് അന്റാര്‍ട്ടിക്കയിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ലഹരിപാനീയങ്ങളുടെ അളവും പരിമിതപ്പെടുത്തുന്നു. സുരക്ഷിതവും ഉല്‍പാദനക്ഷമവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മദ്യ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനൊപ്പമാണ് പര്യവേഷകര്‍ക്കു വേണ്ട സ്വഭാവ ഗുണങ്ങളുടെ പട്ടിക കൂടി എ.എ.ഡി പ്രസിദ്ധീകരിച്ചിരിക്കുന്നത്.