കാബൂള്‍/യുണൈറ്റഡ് നേഷന്‍സ്: അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം മേഖലകള്‍ കീഴടക്കിയ താലിബാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം മുഴുവന്‍ പിടിച്ചെടുക്കാന്‍ പദ്ധതിയിടുമ്പോള്‍, സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും സംബന്ധിച്ച് ഭയവും ആശങ്കയും ഏറുന്നു. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പുതുതായി പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഭീകരര്‍ കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.2012 ഒക്ടോബറില്‍ താലിബാന്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച മലാല യൂസഫ്സായിയുടെ ജീവന്‍ വിദേശ സഹായത്തോടെ കഷ്ടിച്ചു രക്ഷപ്പെട്ടതും അഫ്ഗാനിലെയും പാകിസ്ഥാനിലെയും സ്ത്രീകളുടെ ദാരുണ കഥ ലോകത്തെ അറിയിച്ച് 17 -ആം വയസ്സില്‍ അവള്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയതുമൊന്നും ഭീകരരുടെ മനസു മാറ്റിയതിന്റെ സൂചനകളില്ല.
താലിബാന്‍ അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേല്‍ ഭയാനകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ 'ഭീതിജനകമായ' റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി.'തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ട്, മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ താലിബാന്‍ ഏര്‍പ്പെടുത്തുന്നുവെന്ന ആദ്യകാല സൂചനകള്‍ ഹൃദയഭേദകമാണ്. അവ എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു'- ഗുട്ടെറസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'സിവിലിയന്മാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ്. അത് യുദ്ധക്കുറ്റത്തിന് തുല്യമാണ്.'
1996 നും 2001 നും ഇടയില്‍ താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിലനിന്ന പിന്തിരിപ്പന്‍ നയങ്ങളിലേക്കു തന്നെ രാജ്യം തിരിച്ചുപോവുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക അഫ്ഗാന്‍ മൂല്യങ്ങള്‍ മാനിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് ജോലി ചെയ്യാനും സ്‌കൂളില്‍ പോകാനും അനുവദിക്കാമെന്ന് താലിബാന്‍ കഴിഞ്ഞ കാലത്ത് പറഞ്ഞിരുന്നു.എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ നേടിയ സ്വാതന്ത്ര്യം 'അധാര്‍മികതയും' 'അശ്ലീലവും' പ്രോത്സാഹിപ്പിച്ചെന്നും അക്കാരണത്താല്‍ പരിമിതപ്പെടുത്തുമെന്നുമാണ് താലിബാന്‍ ഇപ്പോള്‍ പറയുന്നത്.ഇഷ്ടമുള്ള യുവതികളെ ബലപ്രയോഗത്തിലൂടെ ഭീകരര്‍ വിവാഹം കഴിക്കുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ യഥേഷ്ടം നടത്തി.
താലിബാന്‍ അതിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിച്ചില്ല. പുരുഷ ബന്ധു ഒപ്പമില്ലാതെ വീടിനു പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരുന്നു. അനുസരിക്കാത്ത പല സ്ത്രീകളും കൊല്ലപ്പെട്ടു.സ്ത്രീകള്‍ ശരീരവും മുഖവും ബുര്‍ഖയില്‍ മറയ്ക്കണമെന്നു നിര്‍ബന്ധിച്ചു. വ്യഭിചാരം ആരോപിക്കപ്പെട്ടവരെ സ്റ്റേഡിയങ്ങളില്‍ കല്ലെറിഞ്ഞ് കൊല്ലണമെന്നായിരുന്നു നിബന്ധന. നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ സ്ത്രീകളെ പരസ്യമായി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ചില കുടുംബങ്ങള്‍ പെണ്‍മക്കളെ പാകിസ്താനിലേക്കോ ഇറാനിലേക്കോ അയച്ച് സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് യുഎസ് ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ലേബര്‍ 2001 നവംബറില്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് 1998 മുതല്‍ താലിബാന്റെ വിലക്കുണ്ട്. സ്ത്രീകള്‍ക്ക് ശരിയായ വൈദ്യസഹായം പോലും നിഷേധിക്കപ്പെട്ടു. അങ്ങനെ അവരുടെ ആരോഗ്യവും ജീവിതവും അപകടത്തിലായി. 15 വയസ്സിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ താലിബാന്‍ പോരാളികള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതമായതായി റിപ്പോര്‍ട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ഒരു രൂപം മാത്രമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
താലിബാന്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുന്നതിനിടെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും അവര്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി വിവാഹം കഴിച്ച പല സംഭവങ്ങളും പുറത്തുവന്നു. താലിബാന്‍ നിയന്ത്രണത്തിലുള്ള പല പ്രദേശങ്ങളിലും പൊതുസൗകര്യങ്ങള്‍ നശിപ്പിക്കപ്പെടുകയും സാമൂഹിക സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.13 ദശലക്ഷം ആളുകള്‍ക്ക് പൊതു സേവനങ്ങള്‍ മിക്കവാറും വിലക്കപ്പെട്ടു.അഫ്ഗാന്‍ അഭയാര്‍ത്ഥി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സ്ത്രീകളും കുട്ടികളും ആണ് പലായനം ചെയ്യുന്നവരില്‍ ഏകദേശം 70 ശതമാനം പേരും.
കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്‍ കൈവശപ്പെടുത്തിയതോടെ നിരവധി സ്ത്രീകളാണ് മറ്റിടങ്ങളില്‍ നിന്നെത്തി കാബൂളില്‍ അഭയം പ്രാപിച്ചിട്ടുള്ളത്. ഈ സ്ത്രീകള്‍ കൂടുതലും അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. അല്ലെങ്കില്‍ മസ്ജിദുകളിലോ അപരിചിതരുടെ വീടുകളിലോ അഭയം തേടുന്നു. ഏഴ് പെണ്‍കുട്ടികളുടെ അമ്മയായ 60 വയസ്സുള്ള റഹിമ, നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് പടിഞ്ഞാറന്‍ കാബൂളിലെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്. 'എന്റെ വീട്ടില്‍ അതിഥികള്‍ നിറഞ്ഞിട്ട് രണ്ടാഴ്ചയായി. എനിക്ക് വ്യക്തിപരമായി പലായന ദുഃഖം അനുഭവപ്പെട്ടിട്ടുണ്ട്. അതിനാല്‍ സുരക്ഷിതമായ ഒരു സ്ഥലം തേടുന്നതിന്റെ വൈഷമ്യം എന്താണെന്നറിയാം '- റഹിമ മാധ്യമങ്ങളോടു പറഞ്ഞു.
ജോലി ഉപേക്ഷിച്ച് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. ജൂലൈ ആദ്യം, തെക്കന്‍ നഗരമായ കാണ്ഡഹാറില്‍ അസീസി ബാങ്കിലെ ഒന്‍പത് വനിതാ ജീവനക്കാരോട് താലിബാന്‍ വിമതര്‍ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു.അനുസരിക്കാതെ അവര്‍ക്കു നിവൃത്തിയുണ്ടായിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, താലിബാന്‍ സായുധര്‍ ബാങ്ക് മിലിയുടെ ശാഖയിലെത്തി. വനിതാ ജീവനക്കാര്‍ മുഖം പരസ്യമായി കാണിച്ചതിന് ഭിഷണി മുഴക്കി. തുടര്‍ന്ന് അവരും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി; പുരുഷ ബന്ധുക്കളെ പകരം നിയോഗിച്ചു.
സ്ത്രീകളെ ബാങ്കുകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു:'ഇസ്ലാമിക വ്യവസ്ഥ സ്ഥാപിതമായതിനു ശേഷം അത് നിയമപ്രകാരം തീരുമാനിക്കപ്പെടും. ദൈവം ഉദ്ദേശിച്ചാല്‍ പ്രശ്‌നങ്ങളൊന്നുമില്ല.'ജേര്‍ണലിസം, ഹെല്‍ത്ത് കെയര്‍, നിയമ നിര്‍വ്വഹണം എന്നീ മേഖലകളിലെ വനിതാ പ്രൊഫഷണലുകള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.ആരോപണങ്ങള്‍ താലിബാന്‍ നിഷേധിച്ചെങ്കിലും അവരെയാണ്് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്.
വിദ്യാഭ്യാസമുള്ള നിരവധി അഫ്ഗാന്‍ സ്ത്രീകള്‍ ആഗോള സഹായത്തിനായി സോഷ്യല്‍ മീഡിയയിലൂടെ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥന നടത്തിയിരുന്നു. അവരുടെ നിരാശ പ്രകടിപ്പിക്കാനും സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തി.സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കെതിരെയും താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു.പ്രത്യേകിച്ചും സ്ത്രീകളെ ലക്ഷ്യമിട്ട് താലിബാന്‍ മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചെലെ അന്താരാഷ്ട്ര നടപടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു. താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നത് കഴിഞ്ഞ രണ്ട് ദശകങ്ങളിലെ മനുഷ്യാവകാശ നേട്ടങ്ങള്‍ ഇല്ലാതാക്കുമെന്ന് ശരാശരി അഫ്ഗാനികള്‍ ഭയപ്പെടുന്നതായി അവര്‍ പറഞ്ഞു.
നിയമങ്ങള്‍ ലംഘിച്ചതിന് സ്ത്രീകളെ ചമ്മട്ടികൊണ്ട് അടിക്കുകയും ഓഗസ്റ്റ് 3 ന് ബല്‍ഖ് പ്രവിശ്യയില്‍ ഒരു വനിതാ അവകാശ പ്രവര്‍ത്തകയെ കൊലപ്പെടുത്തുകയും ചെയ്തു.രാജ്യവ്യാപകമായി, ശൈശവ വിവാഹവും വ്യഭിചാരത്തിന് കല്ലെറിയലും നിലനില്‍ക്കുന്നു, ബലാത്സംഗ ഇരകള്‍ അവരുടെ കുടുംബങ്ങളെ അപമാനിച്ചതിന് ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നു.വിദേശ സഹായവും നിര്‍ദ്ദിഷ്ട ഭരണകൂടത്തിന്റെ നിയമസാധുതയും ലക്ഷ്യമിട്ട് കടുത്ത നിബന്ധനകളില്‍ താല്‍ക്കാലികമായി താലിബാന്‍ അയവു വരുത്തിയാല്‍ പോലും അഫ്ഗാനിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം കൂടുതല്‍ ന്ഷ്ടമാകാനുള്ള സാധ്യതയാണ് പിന്നീടുമുണ്ടാകുകയെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി കരുതുന്നു.