കാബൂളും പതനത്തിന്റെ വക്കില്‍: അഫ്ഗാന്‍ താലിബാന്റെ കിരാത ഭരണത്തിലേക്ക്; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് രാജ്യങ്ങള്‍

കാബൂളും പതനത്തിന്റെ വക്കില്‍: അഫ്ഗാന്‍ താലിബാന്റെ കിരാത ഭരണത്തിലേക്ക്; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് രാജ്യങ്ങള്‍

താലിബാന്‍ കാബൂളിന് 11 കിലോമീറ്റര്‍ അടുത്തെത്തി.
പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിടുമെന്ന് സൂചന.
താലിബാന്‍ കിരാത നിയമങ്ങള്‍ നടപ്പിലാക്കി തുടങ്ങി.
സ്ത്രീകള്‍ കാല്‍പ്പാദം പുറത്തു കാണുന്ന തരം ചെരിപ്പുകള്‍ ധരിക്കരുത്.
സ്ത്രീകളുടെ അവകാശ ലംഘനങ്ങള്‍ക്കെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍.


കാബുള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് അടുത്തെത്തിയതോടെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങി വിവിധ രാജ്യങ്ങള്‍.

കാബൂളില്‍ നിന്ന് വെറും 11 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ താലിബാന്‍ സൈന്യം തമ്പടിച്ചിരിക്കുന്നത്. കാബൂളും ഉടന്‍ താലിബാന്റെ അധീനതയിലാകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. പ്രധാന പട്ടണമായ മസരി ഷരീഫില്‍ താലിബാന്‍ ആക്രമണം ആരംഭിച്ചു.

ഇതോടെ തലസ്ഥാന നഗരത്തില്‍ നിന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും സുരക്ഷിതമായി എയര്‍ ലിഫ്റ്റ് ചെയ്തു തുടങ്ങി. ബ്രിട്ടണ്‍, ജര്‍മനി, ഡെന്മാര്‍ക്ക്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാനും വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുമായി 3,000 യു.എസ് സൈനികര്‍ കാബൂളില്‍ എത്തിയിട്ടുണ്ട്.

നിലവില്‍ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 20 പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ ഇന്നലെ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട മറ്റൊരു നഗരമായ ഹെറാത്തും പടിഞ്ഞാറന്‍ പ്രവിശ്യയായ ഖോറും താലിബാന്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.

എന്നാല്‍ താലിബാനെ പ്രതിരോധിക്കാന്‍ സൈന്യത്തിന്റെ പുനര്‍വിന്യാസത്തിനാണ് മുഖ്യ പരിഗണനയെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു ഗൗരവമായ നടപടികളെടുക്കും. ചരിത്രപരമായ ദൗത്യത്തിന്റെ ഭാഗമായി, ജനങ്ങളുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കാനോ കൂടുതല്‍ മരണങ്ങള്‍ക്കോ ആഗ്രഹിക്കുന്നില്ല.

അതിനാല്‍ അഫ്ഗാന്‍ ജനതയ്ക്കു സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ സര്‍ക്കാരിന് അകത്തും പുറത്തും വിപുലമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഗാനി പറഞ്ഞു.


രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, രാജ്യാന്തര പങ്കാളികള്‍ തുടങ്ങിയവരുമായി സംസാരിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് അഷ്റഫ് ഗാനി കുടുംബത്തോടൊപ്പം രാജ്യം വിടുമെന്ന സൂചനകളുമുണ്ട്.

അതിനിടെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി താലിബാന്‍ തങ്ങളുടെ കിരാത നിയമങ്ങള്‍ നടപ്പാക്കി തുടങ്ങി. പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലെ പ്രവേശനം വിലക്കി. കാല്‍പ്പാദം പുറത്തു കാണുന്ന തരം ചെരിപ്പുകള്‍ ധരിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടികള്‍ക്കെതിരെ കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ആക്രമണം നടത്തി.

താലിബാന്റെ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ ഭയന്ന് മെയ് മാസം അവസാനം മുതല്‍ ഇതുവരെ 2,50,000 അഫ്ഗാന്‍ പൗരന്മാര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഏജന്‍സി വ്യക്തമാക്കുന്നു. ഇതില്‍ എണ്‍പതു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

താലിബാന്‍ തീവ്രവാദികളുമായി രാജ്യത്തെ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നത് പതിവ് സംഭവമായിട്ടുണ്ട്. വനിതകള്‍ക്കു നേരെയുള്ള താലിബാന്റെ അവകാശ ലംഘനങ്ങള്‍ക്കെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും രംഗത്തെത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.