പോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. കനത്ത നാശനഷ്ടമുണ്ടായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വീടുകളും സ്‌കൂളുകളുമടക്കം പള്ളികളും അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്ക അടിയന്തര വൈദ്യ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി രാജ്യത്ത് ഒരു മാസം അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു
റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ശനിയാഴ്ച രാവിലെയാണ് ഉണ്ടായത്. തലസ്ഥാനമായ പോര്‍ട്ട്-ഒ-പ്രിന്‍സില്‍നിന്നും 160 കിലോമീറ്റര്‍ അകലെ പെറ്റിറ്റ് ട്രോ ഡിനിപ്പ്‌സ് മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. സമീപ രാഷ്ട്രങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച സേക്രഡ് ഹാര്‍ട്ട് പള്ളി.
2010ല്‍ ഹെയ്തിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 2.2 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയില്‍ ആളുകള്‍ മരിച്ചതായാണ് കണക്ക്. 15 ലക്ഷത്തോളം പേരാണ് അന്നത്തെ ഭൂകമ്പത്തില്‍ തെരുവിലായത്.