'ഹംവി' യില്‍ പാഞ്ഞ് താലിബാന്‍; പണക്കൊയ്ത്ത് കൊഴുപ്പിക്കാന്‍ മത നിയമങ്ങളും തോക്കും

 'ഹംവി' യില്‍ പാഞ്ഞ് താലിബാന്‍; പണക്കൊയ്ത്ത് കൊഴുപ്പിക്കാന്‍ മത നിയമങ്ങളും തോക്കും

കാബൂള്‍: കരസേനകളുടെ അത്യാധുനിക വാഹനമായ 'ഹംവി' യും ഏറ്റവും നൂതനമായ കലാഷ്‌നിക്കോവ് റൈഫിളുമായി അഫ്ഗാന്‍ കീഴടക്കാന്‍ കാണ്ഡഹാറിലെയും കാബൂളിലെയും തെരുവുകളിലൂടെ കടന്നുവന്ന താലിബാന്‍ പടയാളികളുടെ ദൃശ്യം മാധ്യമങ്ങളിലൂടെ കണ്ട് ലോകം അമ്പരന്നു. പരമ്പരാഗത ഇസ്‌ളാമിക വേഷം മാറ്റിയില്ലെങ്കിലും ഈ സ്വയം പ്രഖ്യാപിത 'ജിഹാദി'കളുടെ പണക്കൊഴുപ്പ് സുവ്യക്തം. സഹസ്ര കോടി ഡോളര്‍ ചെലവഴിച്ച് അമേരിക്ക സുസജ്ജവും ശക്തവുമാക്കിയ അഫ്ഗാന്‍ സേനയെ മറികടക്കുന്നതിനുള്ള വീര്യം താലിബാന്‍ കൈവരിച്ചത് വന്‍ സാമ്പത്തിക സന്നാഹത്തിന്റെ പിന്തുണയോടെയായിരുന്നു.

ഹംവി എന്ന് സൈനികര്‍ വിളിക്കുന്ന ഹൈ മൊബിലിറ്റി മള്‍ട്ടി പര്‍പ്പസ് വീല്‍ വെഹിക്കിള്‍ (High Mobility Multi-purpose Wheeled Vehicle) ചില്ലറക്കാരനല്ല. ഭാരക്കുറവ്്, ഉയര്‍ന്ന ചാലക ക്ഷമത, ഡീസല്‍ പവര്‍, ഫോര്‍ വീല്‍ ഡ്രൈവ് തുടങ്ങിയ കാരണങ്ങളാല്‍ നിര്‍ണ്ണായക വാഹനമാണിത്. നിരവധി മെഷീന്‍ ഗണ്ണുകള്‍, അത്യാധുനിക ടാങ്ക് വിരുദ്ധ മിസൈല്‍ ലോഞ്ചറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ തരം സൈനിക ഹാര്‍ഡ്വെയറുകള്‍ വഹിക്കാന്‍ ഇതിനാകും. കുറഞ്ഞ പരിപാലനത്തോടെ, ദീര്‍ഘകാലത്തേക്ക് മരുഭൂമികള്‍ മുതല്‍ കാടുകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളില്‍ മികച്ച പ്രകടനം നടത്താനാകും ഹംവിക്ക്. വെടിയുണ്ട, ബോംബ്, മൈനുകള്‍ എന്നിവയില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി ചരക്കുകള്‍ സുരക്ഷിതമായി കൊണ്ടുപോകാനും ഈ അത്ഭുത വാഹനത്തിനു കഴിയും.

ഫാക്ടറി വില 2.20 ലക്ഷം ഡോളര്‍ വരുന്ന ആയിരക്കണക്കിനു ഹംവികളുമായാണ് ജിഹാദികള്‍ പടയോട്ടം നടത്തിയത്.പൊട്ടിപ്പൊളിഞ്ഞ ജീപ്പും വാനും ലോറിയുമായുള്ള പടയോട്ടം പുതു തലമുറയിലെ താലിബാനു തമാശ മാത്രം.അമേരിക്കന്‍ സൈനികരോടാണവര്‍ തന്നെത്താന്‍ തുലനം ചെയ്യുന്നത്. 1990കളുടെ അവസാനത്തെ ടെലിവിഷന്‍ വാര്‍ത്താ ദൃശ്യങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് 2021 ലെ താലിബാന്‍ കാണപ്പെടുന്നത്. ടെലികാസ്റ്റ് സാങ്കേതിക വിദ്യയുടെ ഗുണ നിലവാരം മെച്ചപ്പെട്ടതു മാത്രമല്ല കാരണം. ഭീകരരുടെ കൈയിലെ ആയുധങ്ങള്‍ ഏറെ പുരോഗമിച്ചു. വസ്ത്രങ്ങളടക്കം മികച്ചതും പുതിയതുമാണ്.

അഫ്ഗാനിസ്ഥാനില്‍ ഭരണം ഉറപ്പിക്കാനും തങ്ങളുടെ നിയമങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും കരുതലോടെ നീങ്ങുന്ന ഭീകരര്‍ക്ക് കരുത്ത് പകരുന്ന ഒരു ഘടകം അവരുടെ സാമ്പത്തിക അടിത്തറയാണ്. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടിക്കു ലഭിച്ച ഒരു നാറ്റോ രഹസ്യ റിപ്പോര്‍ട്ട് അനുസരിച്ച്, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ താലിബാന്റെ വാര്‍ഷിക ബജറ്റ് 1.6 ബില്യണ്‍ ഡോളറാണ്. 2016 ലെ ഫോബ്‌സ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് വര്‍ഷത്തിനുള്ളില്‍ 400 ശതമാനമാണ് വര്‍ദ്ധന.അതേ സാമ്പത്തിക വര്‍ഷത്തില്‍, അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബജറ്റ് 5.5 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നു. ഇതില്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് പ്രതിരോധത്തിന് വേണ്ടി വകയിരുത്തിയത്.പക്ഷേ, അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തിനായി ഭൂരിഭാഗം ചെലവും അമേരിക്ക ഏറ്റെടുത്തു.



അതേസമയം, വേണ്ടത്ര പണം സാമാഹരിക്കാന്‍ വഴി തെളിഞ്ഞതോടെ വര്‍ഷങ്ങള്‍ കഴിയുന്തോറും താലിബാന്‍ വിദേശ സംഭാവനകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2017-18 ല്‍ ഏകദേശം 500 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ മൊത്തം ഫണ്ടിന്റെ പകുതിയോളം വിദേശ സ്രോതസുകളില്‍ നിന്ന് ലഭിച്ചു. ഇത് 2020 ലെ അവരുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം 15 ശതമാനമായിരുന്നു.

2016ല്‍ ഫോബ്‌സ് പ്രസിദ്ധീകരിച്ച 10 സമ്പന്ന തീവ്രവാദ സംഘടനകളില്‍ അഞ്ചാം സ്ഥാനത്തായിരുന്നു താലിബാന്‍. ഒന്നാം സ്ഥാനത്തുളള ഐസിസിന്റെ ബജറ്റ് രണ്ട് ബില്യണ്‍ യു.എസ് ഡോളറിന്റേതായിരുന്നു.താലിബാന്റെ വാര്‍ഷിക ബജറ്റ് 400 മില്യണ്‍ ഡോളറും. മയക്കുമരുന്ന് കച്ചവടം, സംരക്ഷണ പണം, സംഭാവനകള്‍ എന്നിവയാണ് താലിബാന്റെ പ്രാഥമിക വരുമാന സ്രോതസുകള്‍. ഫോബ്‌സ് പട്ടികപ്പെടുത്തി തയ്യാറാക്കിയ 2016 ല്‍ അഫ്ഗാനിസ്ഥാനില്‍ പോലും താലിബാന്‍ ഒരു പ്രബല ശക്തിയായിരുന്നില്ല. ഈ റിപ്പോര്‍ട്ട് അനുസരിച്ച് താലിബാന്റെ വരുമാനം വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഖനനത്തിലൂടെ 464 മില്യണ്‍ ഡോളറാണ് ഈ ഭീകര സംഘടന സ്വരൂപിച്ചത്.

മയക്കുമരുന്ന് കച്ചവടത്തിലൂടെ 416 മില്യണ്‍, വിദേശ സംഭാവന വഴി 240 മില്യണ്‍, കയറ്റുമതിയിലൂടെ 240 മില്യണ്‍ എന്നിവയ്ക്കു പുറമേ നികുതിയെന്നു പറഞ്ഞ് സംരക്ഷണത്തിനും മറ്റുമായി അന്യായമായി ഈടാക്കുന്ന പണം 160 മില്യണ്‍ ആയിരുന്നു. റിയല്‍ എസ്റ്റേറ്റ് വഴി 80 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഒരു സ്വതന്ത്ര രാഷ്ട്രീയ-സൈനിക സ്ഥാപനമായി മാറുന്നതിന് താലിബാന്‍ നേതൃത്വം സ്വയംപര്യാപ്തത പിന്തുടരുന്നുവെന്ന വസ്തുതയും നാറ്റോയുടെ രഹസ്യ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. യു.എസ്, നാറ്റോ സേനകളുടെ പിരിച്ചുവിടല്‍ മൂലമുണ്ടാകുന്ന വിടവ് അവര്‍ വേഗത്തില്‍ നികത്തി പണം വീണ്ടും കൊയ്യുമെന്നുറപ്പ്.താലിബാന്റെ സാമ്പത്തിക സ്രോതസുകള്‍ അഭിവൃദ്ധി പ്രാപിക്കുന്ന സംഭവ വികാസമാണ് അഫ്ഗാനിലെ ഭരണ മാറ്റം. ഉയര്‍ന്ന ലാഭത്തിന്റെ സാദ്ധ്യതകള്‍ താലിബാന്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തോല്‍വിയുടെ വില നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത് ആത്യന്തികമായി അഫ്ഗാന്‍ ജനത തന്നെ.അതിനായി കടുത്ത ഇസ്‌ളാമിക നിയമങ്ങളും ഉപയോഗിക്കാന്‍ താലിബാനെ ആരും പഠിപ്പിക്കേണ്ടതില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.