'നമുക്കുള്ളത് ദൈവം മാത്രം': പ്രതീക്ഷകള്‍ തകര്‍ന്ന് അഫ്ഗാനിലെ യുവ തലമുറ

'നമുക്കുള്ളത് ദൈവം മാത്രം': പ്രതീക്ഷകള്‍ തകര്‍ന്ന് അഫ്ഗാനിലെ യുവ തലമുറ

ദുബായ്:'ഈ രാജ്യത്ത് എന്റെ തലമുറ അനുഭവിക്കുന്ന ഉത്കണ്ഠയും ഭയവും തകര്‍ന്ന പ്രതീക്ഷകളും ആര്‍ക്കുമറിയേണ്ട. എന്തൊരു ദൗര്‍ഭാഗ്യമാണിത്? '-കാബൂളിലെ വൈദ്യുതി പോയ വീടിനുള്ളില്‍ അടച്ചിരുന്ന് തന്റെ രാജ്യം താലിബാന്റെ പിടിയിലേക്കു വീഴുന്നതിന്റെ സൂചനകള്‍ ജനല്‍പ്പഴുതിലൂടെ കാണുന്നതിനിടെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് 22-കാരി ഐഷ ഖുറാമിന്റെ ചോദ്യം.

എംബസികള്‍ ജീവനക്കാരെയും സര്‍ക്കാരിനെയും ഒഴിപ്പിക്കുമ്പോഴേ ഐഷയ്ക്കറിയാമായിരുന്നു, അഫ്ഗാനില്‍ ആകമാനം ജീവിതം തകിടം മറിയുകയാണെന്ന്.എങ്കിലും രാവിലെ, അവള്‍ കാബൂള്‍ സര്‍വകലാശാലയിലേക്ക് പോയി. അവിടെ അവളുടെ ബിരുദ പഠനം തീരാന്‍ രണ്ട് മാസമേ ബാക്കിയുള്ളൂ. പക്ഷേ, ക്ലാസ്സില്‍ എത്തുന്നതിനു മുമ്പ് തന്നെ ചിലര്‍ ഇടപെട്ട് വീട്ടിലേക്ക് തിരിച്ചുവിട്ടു. രാവിലെ സര്‍വകലാശാലയിലെത്തിയ വിദ്യാര്‍ത്ഥിനികളോട് അവരുടെ പ്രൊഫസര്‍മാര്‍ വിട പറഞ്ഞതായി ഐഷ ഖുറാമിന് അറിവു കിട്ടിയിരുന്നു. പെണ്‍കുട്ടികളെ തിരിച്ചുവരാന്‍ അനുവദിക്കുമോ എന്ന് പ്രൊഫസര്‍മാര്‍ക്ക് ഉറപ്പില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്ള ക്ലാസുകള്‍ പുനരാരംഭിക്കുമോ എന്ന് തീര്‍ത്തുമറിയില്ലെന്നും പറഞ്ഞു.

ആറ് ദശലക്ഷം ആളുകള്‍ പാര്‍ക്കുന്ന തലസ്ഥാനത്തെ ജീവിതം അതിവേഗം വഷളായിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷങ്ങള്‍ക്കിടയില്‍, താലിബാന്‍ ഒന്നിനു പുറകെ ഒന്നായി പ്രവിശ്യാ തലസ്ഥാനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. അവിടെ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട ആളുകളാല്‍ കാബൂളിലെ പാര്‍ക്കുകള്‍ നിറഞ്ഞിരുന്നു. താലിബാന്‍ തങ്ങളുടെ പട്ടണങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ആളുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്തതോടെ വീടുകള്‍ ഉപേക്ഷിച്ച് ഓടിപ്പോയ കുടുംബങ്ങള്‍.

'ഭാവി അപകടത്തിലാണ്. ഞങ്ങളുടെ ജീവിതം അപകടത്തിലാണ്,'- കാബൂളിലെ വീട്ടില്‍ നിന്ന് ഐഷ പറഞ്ഞു. അവളുടെ മൊബൈല്‍ ഫോണിലൂടെയാണ് അസോസിയേറ്റഡ് പ്രസ്സുമായി സംസാരിച്ചത്, വൈദ്യുതി ദിവസം മുഴുവന്‍ നിലച്ചിരുന്നതിലുള്ള അധിക അസ്വാസ്ഥ്യത്തോടെ.അന്താരാഷ്ട്ര ബന്ധങ്ങള്‍ പഠിച്ച് ബിരുദാനന്തരം തന്റെ രാജ്യത്തെ സേവിക്കാന്‍ അവള്‍ ആഗ്രഹിച്ചു. മനുഷ്യാവകാശ സംരക്ഷകയായി പ്രവര്‍ത്തിക്കാനും സന്നദ്ധസേവനം നടത്താനും സമയം കണ്ടെത്തിയ ഐഷ ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുകയും ചെയ്തു.'ഞാന്‍ ചെയ്തതെല്ലാം ഒരു ദര്‍ശനത്തിനും ഭാവിക്കും വേണ്ടിയാണ്'- അവളുടെ വാക്കുകള്‍.



'ഞങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും, സമാധാന പ്രക്രിയയില്‍ വാദിച്ച കാര്യങ്ങളും അവഗണിക്കപ്പെടുന്നു. ആളുകള്‍ ചിന്തിക്കുന്ന ഒരേയൊരു കാര്യം ഇവിടെ എങ്ങനെ അതിജീവിക്കാം അല്ലെങ്കില്‍ എങ്ങനെ രക്ഷപ്പെടാം എന്നതാണ്.'എന്നാല്‍ തനിക്കും ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ക്കും ഒരു പോംവഴിയുമില്ല. കര അതിര്‍ത്തികള്‍ അടച്ചു. വിദേശത്തേക്കു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ ചെലവ് താങ്ങാനാകില്ല. എംബസികള്‍ അടച്ചുപൂട്ടുന്നത് മറ്റൊരു കാരണം, 'എല്ലാവരും അഫ്ഗാന്‍ ജനതയോട് മുഖം തിരിച്ചു. സര്‍ക്കാരോ താലിബാനോ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല,' അവര്‍ പറഞ്ഞു. 'നമുക്ക് ഉള്ളത് നമ്മുടെ ദൈവം മാത്രമാണ്.'

ദിവസം മുഴുവന്‍ ഇടയ്ക്കിടെ വെടിയൊച്ച കേട്ടു. താലിബാന്റെ വെള്ളയും കറുപ്പും കലര്‍ന്ന പതാകയുമായെത്തിയ പുരുഷന്മാര്‍ നഗരത്തിലെ ശൂന്യമായ തെരുവുകളിലൂടെ നടക്കുന്നത് കാണാമായിരുന്നു. സേവിംഗ്‌സ് തുകകള്‍ പിന്‍വലിക്കാന്‍ എടിഎമ്മുകളില്‍ രാവിലെ വലിയ തിരക്കുണ്ടായി. ജനങ്ങള്‍ മുറവിളി കൂട്ടി. പറ്റുന്നവരെല്ലാം പ്രധാന വിമാനത്താവളത്തിലേക്ക് പാഞ്ഞു, എങ്ങോട്ടെങ്കിലുമൊക്കെ രക്ഷപ്പെടാന്‍.സൈനിക ഹെലികോപ്റ്ററുകള്‍ യുഎസ് എംബസിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.അതിനു മുമ്പേ, സുപ്രധാന രേഖകള്‍ ജീവനക്കാര്‍ ചാരമാക്കി. പാശ്ചാത്യ എംബസികള്‍ ശൂന്യമായതിനിലുള്ള അവളുടെ വികാരം വിവരിച്ചത്് ഒറ്റ വാക്കില്‍: 'വിശ്വാസവഞ്ചന'.

എങ്കിലും ഖത്തറിലെ സര്‍ക്കാരും താലിബാനും മറ്റുള്ളവരും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ താന്‍ വിശ്വസിക്കുന്നുവെന്ന് ഐഷ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഭാവി രൂപരേഖ ലക്ഷ്യമിട്ടുള്ള ആ ചര്‍ച്ചകളില്‍ വ്യത്യസ്ത ശബ്ദങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ശക്തമായ വാദവുമുണ്ടവള്‍ക്ക്.യുഎസ് പിന്തുണയോടെയുള്ള ആ ചര്‍ച്ചകള്‍ താലിബാന് കാബൂളിലേക്ക് ആഴത്തില്‍ തള്ളിക്കയറാനുള്ള മറയായെന്ന് തനിക്ക് വ്യക്തമായറിയാം-അവള്‍ പറഞ്ഞു.'ഇപ്പോള്‍ എനിക്ക് പശ്ചാത്താപം തോന്നുന്നു. എന്റെ തലമുറ അവരെ വിശ്വസിച്ചതില്‍ ഞാന്‍ വളരെ ഖേദിക്കുന്നു.'


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.