ബെര്‍ലിന്‍: അഫ്ഗാനില്‍ ആക്രമണം നടത്താന്‍ താലിബാനെ പിന്തുണച്ചതിന് പാകിസ്താനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം അലയടിക്കുന്നു.യുഎസ്, ഓസ്‌ട്രേലിയ, കാനഡ, യുകെ, ഓസ്ട്രിയ എന്നിവിടങ്ങളില്‍ പാക് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറി.അഫ്ഗാന്‍ സേനയുടെ പരാജയത്തില്‍ ഇസ്ലാമാബാദിന്റെ പങ്കിനെതിരെ പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി. താലിബാനെ സഹായിച്ചതിന് രാജ്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
പാകിസ്ഥാനെതിരെ ശബ്ദമുയര്‍ത്തി ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ 300 ഓളം ആളുകള്‍ തടിച്ചുകൂടി.അഫ്ഗാന്‍, അമേരിക്കന്‍ സമൂഹം വാഷിംഗ്ടണിലെ പാക്കിസ്ഥാന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.തെക്കന്‍ ഓസ്ട്രേലിയന്‍ നഗരമായ അഡ്ലെയ്ഡില്‍ താമസിക്കുന്ന അഫ്ഗാനികളും താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട പാകിസ്ഥാന്റെ നടപടിയെ അപലപിക്കുകയും ചെയ്തു.
'പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരവാദവും താലിബാന്‍ പിന്തുണയും' ബംഗ്ലാദേശ് കോണ്‍ഷ്യസ് സിറ്റിസണ്‍സ് കമ്മിറ്റി (ബിസിസിസി) സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഊന്നിപ്പറഞ്ഞു. അഫ്ഗാനിസ്ഥാനിലേത് പാക്കിസ്ഥാന്റെ പ്രോക്‌സി യുദ്ധമായിരുന്നെന്ന് മാഞ്ചസ്റ്ററിലെയും വിയന്നയിലെയും അഫ്ഗാനി സമൂഹം ചൂണ്ടിക്കാട്ടി.ഇതു തിരിച്ചറിഞ്ഞ് പാക്കിസ്ഥാനെതിരെ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാകണം.താലിബാന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന പ്രദേശങ്ങള്‍ പിടിച്ചെടുത്തത് പ്രാകൃതവും ക്രൂരവുമായ ആക്രമണത്തിലൂടെയാണെന്ന ആരോപണം ശക്തം. പാക് പിന്തുണയോടെ നടത്തുന്ന ഭീകരത താലിബാന്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.