കോവിഡ് മരണം: നഷ്ടപരിഹാത്തിന് കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

കോവിഡ് മരണം: നഷ്ടപരിഹാത്തിന് കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

ന്യുഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നാല് ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗ നിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും തിരക്ക് പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കും എന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കോവിഡ് അനുബന്ധ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങളും കോവിഡ് മരണമായി കണക്കാക്കണമെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നുമാണ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.

ആരോഗ്യമേഖലയില്‍ ചെലവ് വര്‍ധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജിയും കേന്ദ്രം നല്‍കിയിരുന്നു. മഹാമാരിയില്‍ മരിച്ച ലക്ഷക്കണക്കിന് ആളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.