വത്തിക്കാൻ സിറ്റി: തൊഴിൽമേഖലയിലെ ചൂഷണത്തിനെതിരെ പ്രതികരണവുമായി ഫ്രാൻസീസ് മാർപ്പാപ്പാ. ഒരാളുടെ വ്യക്തിത്വത്തെ ചവിട്ടിമെതിക്കുന്ന തൊഴിൽ ചൂഷണത്തിൽ മൗനം പാലിച്ചുകൊണ്ട് അനേകർ കൂട്ടുപ്രതികളാകുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഇറ്റലിയിലെ രണ്ടു വ്യവസായശാലകൾ പാക്കിസ്ഥാനികളായ തൊഴിലാളികളെ നിഷ്ക്കരുണം ചൂഷണം ചെയ്തത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലെ ചൂഷണത്തെക്കുറിച്ച് ഇറ്റാലിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ മൗറീത്സിയൊ മജ്ജ്യാനി എഴുതിയ കത്തിന് നൽകിയ മറുപടിയിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രതികരണം.
കോവിഡ് 19 പകർച്ചവ്യാധിയുടെ ഫലമായി അടച്ചുപൂട്ടപ്പെട്ട വേളയിലും നമുക്കു ഭക്ഷ്യവസ്തുക്കൾ ലഭിച്ചുകൊണ്ടിരുന്നതിനു പിന്നിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട അനേകായിരം തൊഴിലാളികൾ ഉണ്ടെന്ന് നമ്മിൽ പലർക്കും മനസിലാക്കാൻ കഴിഞ്ഞുവെന്നും പാപ്പാ പറയുന്നു.
തൊഴിൽമേഖലയിലെ ചൂഷണങ്ങൾക്കെതിരെയും മുതലെടുപ്പു പ്രവണതകൾക്കെതിരെ ശബ്ദമുയർത്തണമെന്ന് മാർപ്പാപ്പാ ആഹ്വാനം ചെയ്തു.