ന്യൂഡല്‍ഹി:അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വിവിധ ജയിലുകളിലായിരുന്ന ആയിരക്കണക്കിന് തടവുകാരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. താലിബാന്‍ വിട്ടയച്ചവരുടെ കൂട്ടത്തില്‍ നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളുമുണ്ടെന്നാണ് സൂചന.
കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവിടങ്ങളിലെ ജയിലുകളിലുണ്ടായിരുന്നവരാണ് മോചിപ്പിക്കപ്പെട്ടത്. കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ നിമിഷ ഫാത്തിമ അടക്കം എട്ട് മലയാളികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.താലിബാന്‍ വിട്ടയച്ചവരില്‍ ഏറിയ പങ്കും ഐഎസ്, അല്‍ഖായിദ തടവുകാരാണ്.
നിമിഷ ഫാത്തിമ 2016ലാണ് ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേരാനായി നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ നേരത്തെ അഫ്ഗാനിസ്ഥാന്‍ തയ്യാറായിരുന്നെങ്കിലും, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേസമയം, നിമിഷ ഫാത്തിമ മോചിതയായെന്ന അഭ്യൂഹം പുറത്തു വന്നതോടെ മകളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യം നിമിഷയുടെ മാതാവ് ബിന്ദു മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു.