കാബൂള്‍: നിസഹായരായ ഒരു വലിയ വിഭാഗം ജനതയെ അനിശ്ചിതകാലം ദുരിതത്തിലേക്കു തള്ളിവിട്ട് വിജയം ആഘോഷിക്കുകയാണ് താലിബാന്‍. അഫ്ഗാനിസ്ഥാന്‍ പൂര്‍ണനിയന്ത്രണത്തിലായതോടെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ അടക്കം താലിബാന്‍ ഭീകരര്‍ ഉല്ലസിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസമായ തിങ്കളാഴ്ച താലിബാന്‍ അംഗങ്ങള്‍ തോക്കുമായി അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകളില്‍ കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാബൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റോയ്‌റ്റേഴ്‌സിന്റെ മാധ്യമ പ്രവര്‍ത്തകന്‍ ഹാമീദ് ഷലീസിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ആയുധധാരികളായ ഏതാനും താലിബാന്‍ പോരാളികള്‍ ഇലക്ട്രിക് കാറുകളിലെ റൈഡ് ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ഹമീദ് ഷലീസി പങ്കുവെച്ച ഒരു വീഡിയോയിലുള്ളത്. മറ്റൊരു വീഡിയോയിലാകട്ടെ, ചെറിയ മെറി ഗോ എറൗണ്ട് കുതിരകളില്‍ കളിക്കുന്ന താലിബാന്‍ ഭടന്മാരെയും കാണാം. ഒരു വശത്ത് വിമാനത്താവളത്തില്‍ കൂട്ടപ്പലായനത്തിനു ശ്രമിക്കുന്ന ദയനീയ ദൃശ്യങ്ങള്‍ പ്രചരിക്കുമ്പോഴാണ് മറ്റൊരു വശത്ത് ഈ ദുരിതത്തിനു കാരണക്കാരായ താലിബാന്റെ ആഹ്‌ളാദപ്രകടനങ്ങളും പ്രചരിക്കുന്നത്.
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വൈറലായി പ്രചരിച്ച വീഡിയോകളില്‍ ഒന്നില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ മൈക്കും പിടിച്ച് തെരുവുകളിലെ ആളുകളോട് താലിബാന്റെ ഭരണത്തിന് കീഴിലുള്ള അവരുടെ സന്തോഷം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടുന്ന താലിബാന്‍ പോരാളികളെ കാണാം. അവരിലൊരാള്‍ പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തില്‍ തോക്ക് കൈവശം വെച്ചിരിക്കുന്നതും കാണാം.
യു.എസുമായി സഖ്യമുള്ള യുദ്ധത്തലവന്‍ ജനറല്‍ അബ്ദുള്‍ റാഷിദ് ദോസ്തമിന്റെ ആഡംബര വസതിക്കുള്ളില്‍ നിന്നുള്ള താലിബാന്‍ പോരാളികളുടെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിരുന്നു. ആയുധധാരികള്‍ ഉള്‍പ്പെട്ട സംഘം ആ വീട്ടിലെ വിലയേറിയ ഫര്‍ണിച്ചറുകളില്‍ ഇരിക്കുന്നതും സ്വര്‍ണം കൊണ്ടു തീര്‍ത്ത ഡ്രിങ്കിങ് സെറ്റ് അലമാരയില്‍ നിന്ന് പുറത്തെടുക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ജനറല്‍ ദോസ്തമിന്റെ വീട്ടില്‍ താലിബാന്‍ പോരാളികളുടെ ചെറു സംഘങ്ങള്‍ കൂടിയിരുന്ന് ഭക്ഷണം കഴിക്കുകയും പാനീയങ്ങള്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.