കാബൂള്‍: താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷയില്‍ ആശങ്കയുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇറ്റാലീന. രാജ്യത്തുള്ള വളരെക്കുറച്ച് വൈദികര്‍ക്കും സന്യസ്തര്‍ക്കും അവിടം വിടുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്നും അസ്ഥിരമായ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും ഞായറാഴ്ച ഇറക്കിയ പത്രക്കുറിപ്പില്‍ സംഘടന വ്യക്തമാക്കി. രണ്ട് ഇന്ത്യന്‍ വൈദികരെ നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ നാല് കന്യാസ്ത്രീകളെ അവരുടെ രാജ്യങ്ങളിലേക്കു മാറ്റുമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.
1990 മുതല്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ അഫ്ഗാനില്‍ കാരിത്താസ് ഇറ്റാലീന പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ ഇസ്ലാം മതസ്ഥര്‍ക്ക് പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ താലിബാനെ ഭയപ്പെടുമ്പോള്‍ തീവ്രവാദികള്‍ ശത്രുക്കളായി കരുതുന്ന ക്രൈസ്തവരുടെ അവസ്ഥ ഏറെ ദയനീയമാണെന്നാണ് പത്രക്കുറിപ്പ് നല്‍കുന്ന സൂചന. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.
വളരെ കുറച്ച് ക്രൈസ്തവ വിശ്വാസികള്‍ മാത്രമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ക്രൈസ്തവ വിശ്വാസം പൊതുസ്ഥലത്ത് വെളിപ്പെടുത്തിയാല്‍ മരണശിക്ഷ പോലും ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വിവിധ സഭകളില്‍ നിന്നായി 2000-3000 വിശ്വാസികളാണ് രാജ്യത്തുള്ളത്. 2018ല്‍ 200 കത്തോലിക്കാ വിശ്വാസികളാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഏക ദേവാലയം ഇറ്റാലിയന്‍ എംബസിയോട് ചേര്‍ന്നുള്ള ചാപ്പലാണ്. ചെറിയൊരു സമൂഹം ആയിരുന്നെങ്കിലും ക്രൈസ്തവ വിശ്വാസികള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് കാരിത്താസ് ഇറ്റാലീന പറഞ്ഞു. പാക്കിസ്ഥാനിലുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ ഇപ്പോള്‍ തങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. നിരവധി സ്‌കൂളുകളുടെയും, ഭവനങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കാരിത്താസ് ഇറ്റാലീന നേതൃത്വം നല്‍കിയിരുന്നു.