കാബൂള്‍:2001 വരെയുള്ള അഞ്ചുവര്‍ഷം അഫ്ഗാനിസ്ഥാനില്‍ നരകതുല്യ ഭരണം കാഴ്ച വച്ച ഭീകര പ്രസ്ഥാനത്തില്‍ നിന്ന്് മയപ്പെട്ട താലിബാനാണ് ഇക്കുറി അധികാരത്തിലേറുന്നതെന്ന സൂചനകളുമായി നേതൃനിരയുടെ പത്ര സമ്മേളനം. ആരോടും പ്രതികാരം ചെയ്യില്ലെന്നും ആര്‍ക്കുമെതിരെ ഭീഷണി വരില്ലെന്നുമാണ് വാഗ്ദാനം.അതേസമയം, സ്ത്രീകളോട് ഒരു വിവേചനവും ഉണ്ടാവില്ലെന്ന പ്രസ്താവനയ്ക്കു പിന്നാലെ, ശരിയത്ത് നിയമമായിരിക്കും അവര്‍ക്കു ബാധകമെന്നു പറഞ്ഞതോടെ സ്ത്രീ സ്വാതന്ത്ര്യം മിഥ്യയാകുമെന്ന ഭീതി വീണ്ടും ശക്തമായി.
അഫ്ഗാനിസ്ഥാനില്‍ ഉടന്‍ തന്നെ ഒരു മുസ്ലിം സര്‍ക്കാര്‍ നിലവില്‍ വരുമെന്നും ലോകത്തിലെ ഒരു രാജ്യത്തിനും ഈ രാജ്യത്തു നിന്ന് ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാവില്ലെന്ന് ലോകരാജ്യങ്ങള്‍ക്ക് മുഴുവന്‍ ഉറപ്പ് നല്‍കുന്നതായും താലിബാന്‍ വക്താവ് പറഞ്ഞു. മൂല്യങ്ങള്‍ക്കനുസരിച്ചുള്ള നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ അഫ്ഗാനിസഥാനിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ നിയമങ്ങളെ മറ്റു രാജ്യങ്ങള്‍ ബഹുമാനിക്കണമെന്നും താലിബാന്‍ വക്താവ് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്ക് ആരോഗ്യ രംഗം പോലുള്ള മേഖലകളില്‍ ജോലി ചെയ്യാന്‍ അവസരമുണ്ടാകുമെന്ന വിശദീകരണവും താലിബാന്‍ നല്‍കിയത് ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ നിയന്ത്രണത്തിലായ ശേഷം ആദ്യമായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.'ഞങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. ഞങ്ങളുടെ നേതാക്കളുടെ നിര്‍ദേശപ്രകാരം ഞങ്ങള്‍ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു. വിദേശ ശക്തികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സൈനികാംഗങ്ങളോട് അടക്കം ആരോടും പ്രതികാരം ചെയ്യില്ലെ'ന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയപ്പെട്ടുള്ളതാകാം ഈ വാക്കുകളെന്നും താലിബാനില്‍ നിന്ന് അത്രയേറെ ഉദാരമായ പ്രായോഗിക നയങ്ങള്‍ പ്രതീക്ഷിക്കാനാകുമോയെന്നറിയാന്‍ കാത്തിരിക്കേണ്ടിവരുമെന്നും നിരീക്ഷകര്‍ പറയുന്നു.