കാബൂള്‍ : താലിബാന്‍ ഭീകരർക്കെതിരെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി അഫ്ഗാൻ സ്ത്രീകൾ. അഫ്ഗാനിസ്ഥാൻ താലിബാന്‍ ഭീകരര്‍ അധികാരമേല്‍ക്കുന്നതോടെ ദുരിതത്തിലാക്കുന്നത് അവിടുത്തെ സ്ത്രീകളുടെ ജീവിതമാണ്.
സ്ത്രീകള്‍ ചെയ്യരുതാത്തതായ കാര്യങ്ങളെ കു റിച്ച് താലിബാന്‍ കുറിപ്പ് ഇറക്കി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്വന്തം അവകാശങ്ങള്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകള്‍ അഫ്ഗാനിസ്ഥാനില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന വീഡിയോ വൈറലാവുകയാണ്. തോക്കുധാരികളായ ഭീകരരുടെ മുന്നിലാണ് ഇവര്‍ ധൈര്യത്തോടെയാണ് പ്രതിഷേധിക്കുന്നത്.
താലിബാൻ ഏറ്റെടുത്തതിന് ശേഷം കാബൂളിലെ ആദ്യത്തെ വനിതാ പ്രതിഷേധം കൂടിയാണിത് . താലിബാൻ ഭീകരരുടെ തോക്കിന് മുന്നിൽ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന അഫ്ഗാൻ സ്ത്രീകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
കാബൂളിലെ തെരുവില്‍ നാല് അഫ്ഗാന്‍ സ്ത്രീകള്‍ കൈകൊണ്ട് എഴുതിയ പേപ്പര്‍ ഉയര്‍ത്തിയാണ് പ്രതിഷേധിക്കുന്നത്. സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവകാശം എന്നിവ നല്‍കണമെന്നാണ് യുവതികള്‍ ആവശ്യപ്പെടുന്നത്.
താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ജീവനും സുരക്ഷയും ഭയന്ന് നിരവധി സ്ത്രീകളാണ് പലായനം ചെയ്തത്. ഭീകരര്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതെല്ലാം താലിബാന്‍ നിഷേധിക്കുകയായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നും എന്നാല്‍ തങ്ങളുടെ മതനിയമങ്ങള്‍ പാലിക്കണമെന്നുമാണ് താലിബാന്‍ ആവശ്യപ്പെടുന്നത്.