കാബൂള്‍ :പുറത്താക്കപ്പെട്ട അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗമായി താലിബാനെതിരെ പോരാടാന്‍ വേണ്ടി ആയുധമെടുത്ത വനിതാ ഗവര്‍ണറെ താലിബാന്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ വനിതാ വിമോചനത്തിനു വഴി തെളിച്ചവരില്‍ ഒരാളായ സാലിമ മസാരിയെയാണ് ഭീകരര്‍ പിടികൂടിയത്.
ബാള്‍ക്ക് പ്രവിശ്യയിലെ ചച്ചാര്‍ കിന്റ് സ്വദേശിനിയാണ് അഫ്ഗാനിലെ മൂന്ന് വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സാലിമ. താലിബാനെതിരെ ശക്തമായ പോരാട്ടമാണ് അവര്‍ നടത്തിയിരുന്നത്. അഫ്ഗാന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പേര്‍ താലിബാന്‍ ആക്രമണം ഭയന്ന് അന്യരാജ്യങ്ങളിലേക്ക് പലായനം ചെയ്തപ്പോഴും ബാള്‍ക്ക് പ്രവിശ്യയില്‍ നിന്നും താലിബാനെതിരെ യുദ്ധം ചെയ്യണമെന്ന ആവശ്യവുമായി ആയുധമെടുത്ത വനിതാ ഗവര്‍ണര്‍ രാജ്യം വിടാതെ നിന്നു.പ്രവിശ്യ താലിബാന്‍ കീഴ്പ്പെടുത്തിയതിന് പിന്നാലെയാണ് സാലിമ മസാരിയെ കസ്റ്റഡിയിലെടുത്തത്.
താലിബാന് ലഭിക്കാത്ത വനിതാ നേതൃത്വത്തിലുള്ള ഏക ജില്ല കൂടിയായിരുന്ന ചച്ചാര്‍ കിന്റ്. യുവ തലമുറയ്ക്ക് പ്രചോദനമായിരുന്ന സാലിമ മസാരി ഏറെ ജനശ്രദ്ധ നേടിയ നേതാവ് കൂടിയാണ്.തന്റെ സ്വദേശമായ ചച്ചാര്‍ കിന്റ് ശത്രക്കള്‍ക്ക് വിട്ടുകൊടുക്കാതെ അവര്‍ അവസാന നിമിഷം വരെ പോരാട്ടത്തിന് നേതൃത്വം വഹിച്ചു.