ദുബായ്: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിക്ക് 'മാനുഷിക പരിഗണന'യുടെ പേരില്‍ അഭയമേകി യുഎഇ. ഘനിയേയും കുടുംബത്തേയും യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തതു. അതേസമയം, എവിടെയാണ് അദ്ദേഹമുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഞായറാഴ്ചയാണ് അഷ്‌റഫ് ഘനി രാജ്യം വിട്ടത്.രക്തപ്പുഴ ഒഴുകുന്നത് ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. താജിക്കിസ്ഥാനിലേക്ക് പോയെങ്കിലും അവിടെ പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഒമാനില്‍ ഇറങ്ങിയെന്നും യുഎസിലേക്കു പോയേക്കുമെന്നും സൂചനകള്‍ വന്നിരുന്നു.
കെട്ടുകണക്കിനു ഡോളറുമായാണ് ഘനി രാജ്യംവിട്ടതെന്ന് കാബൂളിലെ റഷ്യന്‍ എംബസി അറിയച്ചതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പക്ഷേ പണം മുഴുവന്‍ കോപ്റ്ററില്‍ കയറ്റാനായില്ല. ബാക്കി ഉപേക്ഷിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്.