താലിബാന്‍ ക്രൂരതയില്‍ ഭയന്ന് അഫ്ഗാന്‍ ക്രൈസ്തവര്‍; തങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ്

താലിബാന്‍ ക്രൂരതയില്‍ ഭയന്ന് അഫ്ഗാന്‍ ക്രൈസ്തവര്‍; തങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ്

കാബൂള്‍: കടുത്ത ഇസ്ലാം മതതീവ്രവാദികളായ താലിബാന്‍ അധികാരം പൂര്‍ണ്ണമായും കൈയടക്കിയതോടെ അഫ്ഗാനിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയില്‍. അഫ്ഗാനിസ്ഥാനിലെ തികച്ചും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭീഷണിപ്പെടുത്തി ദിവസവും നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഭയക്കുന്നുവെന്നും താലിബാനു കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇല്ലാതാക്കാന്‍ പോകുന്നുവെന്നും അഫ്ഗാനിലെ ഹെറാത് നഗരത്തില്‍ താമസിക്കുന്ന ഒരു ക്രൈസ്തവ വിശ്വാസി പറഞ്ഞതായി അമേരിക്കന്‍ മാധ്യമമായ സിബിഎന്‍ റിപ്പോര്‍ട്ടു ചെയ്തു.

ജനങ്ങള്‍ക്കു തുല്യത ഉറപ്പാക്കുമെന്ന താലിബാന്‍ അവകാശവാദങ്ങളില്‍ സംശയം ഉണ്ട്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ക്രൈസ്തവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും താലിബാന്‍ അധിനിവേശത്തോടെ മൂന്നു നഗരങ്ങളിലെ ക്രൈസ്തവരുമായുള്ള ബന്ധം നഷ്ട്ടമായെന്നും അദ്ദേഹം വെളിപ്പെടുത്തി.


അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. ഇസ്ലാം മതത്തില്‍നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് താലിബാനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കുറ്റമാണ്.

സ്വന്തം സമുദായമായ മുസ്ലിങ്ങളോടു പോലും കൊടും ക്രൂരത കാണിക്കുന്ന താലിബാന്‍ ഭീകരര്‍ ക്രൈസ്തവരോട് സ്വീകരിക്കാന്‍ പോകുന്ന സമീപനം ഊഹിക്കാവുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ ആശങ്കയേറുകയാണ്. ക്രൈസ്തവ കുടുംബങ്ങള്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു താലിബാന്‍കാര്‍ ഇപ്പോള്‍ വീടുകള്‍ കയറിയിറങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.