കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന ആഘോഷം താലിബാനെതിരായ പ്രതിഷേധപ്രകടനമായി. കിഴക്കന്‍ അഫ്ഗാനിലെ അസദാബാദ് നഗരത്തില്‍ ദേശീയപതാകയുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ക്കു നേരെ താലിബാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച സംഘര്‍ഷമുണ്ടായ ജലാലാബാദില്‍ ഇന്നലെ നടന്ന പ്രകടനത്തിനു നേരെയും താലിബാന്‍ വെടിവച്ചു. ഒരു ബാലന്‍ അടക്കം രണ്ട് പേര്‍ക്കു പരുക്കേറ്റു. വെടിയേറ്റു ചോരയൊലിക്കുന്ന ആളുടെ വിഡിയോ പുറത്തു വന്നിരുന്നു. ഖോസ്ത് നഗരത്തില്‍ പ്രതിഷേധപ്രകടനം തടയാന്‍ താലിബാന്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കാബൂളിലും സ്ത്രീകള്‍ അടക്കം ഒട്ടേറെപ്പേര്‍ ദേശീയ പതാകയുമായി തെരുവിലിറങ്ങി.
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം ശക്തിപ്രാപിക്കവേ, താലിബാന്‍ വിരുദ്ധ സഖ്യമായ നോര്‍ത്തേണ്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ സായുധ ചെറുത്തു നില്‍പിനുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. 2001ല്‍ യുഎസ് സേനയുടെ പിന്തുണയോടെ താലിബാനെ പുറത്താക്കിയത് നോര്‍ത്തേണ്‍ അലയന്‍സാണ്.