കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പൂട്ടിക്കിടക്കുന്ന ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തി താലിബാന്‍ ഭീകരര്‍. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോണ്‍സുലേറ്റുകളില്‍ കയറി രേഖകള്‍ക്കായി ക്ലോസറ്റുകളില്‍ വരെ തിരച്ചില്‍ നടത്തിയതായാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍സുലേറ്റുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ താലിബാന്‍ ഭീകരര്‍ കടത്തിക്കൊണ്ട് പോവുകയും ചെയ്തു.
നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടാകില്ലെന്ന് പറഞ്ഞ താലിബാന്‍ രണ്ട് കോണ്‍സുലേറ്റിലേയും എല്ലാ രേഖകളും പരിശോധിച്ചതായാണ് വിവരം.മസാര്‍ ഇ ഷെറീഫിലെ കോണ്‍സുലേറ്റ് താലിബാന്‍ ആക്രമണം തുടങ്ങിയപ്പോഴേ പൂട്ടിയിരുന്നു. അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ വെച്ച് കാബൂളിലെ ഇന്ത്യന്‍ എംബസി മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.ഇതിനിടെ, പ്രതികാര നടപടികള്‍ ആര്‍ക്കുമെതിരെയില്ലെന്നു വാഗ്ദാനം നല്‍കിയ താലിബാന്റെ പ്രവര്‍ത്തകര്‍ പല സ്ഥലത്തും വീടുകള്‍ തോറും കയറിയിറങ്ങി മുന്‍ സര്‍ക്കാരിന്റെ സേവകരായിരുന്നവരുടെ വിവരങ്ങള്‍ തേടുന്നതിനെച്ചൊല്ലി ഭീതി ശക്തമായി വരുന്നു.
അമേരിക്കന്‍ നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ സര്‍വ്വീസ് അനുമതിക്കായി കാത്തുകിടക്കുകയാണ്. നിലവില്‍ മുന്നൂറോളം മലയാളികള്‍ ഉള്‍പ്പെട 1650 പേരാണ് രാജ്യത്തേക്ക് വരാന്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുള്ളത്. അമേരിക്കയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങും.സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ വിദേശ കാര്യമന്ത്രാലയം രൂപീകരിച്ച പ്രത്യേക അഫ്ഗാന്‍ സെല്ലുമായി ഉടന്‍ ബന്ധപ്പെടണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ആളുകള്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചു.