കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കു വിമാന യാത്രാ സഹായമേകാന്‍ അമേരിക്കന്‍ പൗരന്‍ ഇന്‍സ്റ്റഗ്രാമിലെ അഭ്യര്‍ത്ഥന വഴി ആരംഭം കുറിച്ച ധനസമാഹരണത്തിന് വന്‍ പിന്തുണ. 6 ദശലക്ഷം ഡോളറിലധികമാണ് ദിവസങ്ങള്‍ക്കകം സമാഹരിക്കാനായത്. 'ഗോ ഫണ്ട് മീ' എന്ന ക്യാമ്പെയിനിലൂടെയായിരുന്നു ടോമി മാര്‍ക്കസ് എന്നയാളുടെ നേതൃത്വത്തിലുള്ള ക്യാമ്പെയിന്‍. ഏകദേശം 106,000 ആളുകളില്‍ നിന്ന് സംഭാവന ലഭിച്ചു.
പലായനം ചെയ്യുന്ന മുന്നൂറോളം അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്ത് വിമാനങ്ങള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ ധനസമാഹരണം നടത്തിയത്. ഇപ്പോഴും ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അഫ്ഗാന്‍ വിടാന്‍ തീവ്രശ്രമം നടത്തുന്നത്. ഇന്ത്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ നൂറുകണക്കിന് പൗരന്മാരെ വിമാനങ്ങളില്‍ തിരിച്ച് നാട്ടിലെത്തിച്ചിരുന്നു.
രാജ്യത്തെ വിമാനത്താവളങ്ങള്‍ മിക്കവയും താലിബാന്‍ അടച്ചിട്ടിരിക്കുകയാണ്. ആയുധധാരികളായ നിരവധി താലിബാന്‍കാരെയാണ് അതിര്‍ത്തി പ്രദേശങ്ങളിലടക്കം വിന്യസിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച രക്ഷപ്പെടാനുളള ശ്രമത്തിനിടെ ആളുകള്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചത് ലോകത്തിനു മുന്നില്‍ കണ്ണീര്‍ കാഴ്ചയായി.