കാബൂള്‍: ലോകത്തിലെ ഏറ്റവും വലിയ ഹെറോയില്‍ ഉത്പാദക രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോള ഉത്പാദനത്തിന്റെ 80-90 ശതമാനം വരെ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വത്തിലുളള സര്‍ക്കാരിന്റെ മയക്കുമരുന്ന് നയങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. താലിബാന്‍ രാജ്യത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ കറുപ്പ് (ഓപ്പിയം) ഉത്പാദനത്തിലും ഹെറോയിന്‍ നിര്‍മാണത്തിലും ഏന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്.
അഫ്ഗാനിലെ പോപ്പി കൃഷിക്കും മയക്കുമരുന്നു നിര്‍മാണത്തിനും അറുതിവരുത്താനുളള ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ അതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയാതിരുന്നതിന്റെ പരിണിതഫലം ഇന്ന് അഫ്ഗാന്‍ സര്‍ക്കാരിന്റെയും ജനതയുടെയും വീഴ്ചയിലേക്കും താലിബാന്റെ ഉയിര്‍ത്തെഴുനേല്‍പ്പിലും എത്തി നില്‍ക്കുന്നു. മയക്കുമരുന്ന് വ്യാപാരത്തിന് തഴച്ച് വളരാനുളള സാഹചര്യം അഫ്ഗാനില്‍ ഇല്ലായിരുന്നെങ്കില്‍ ആ രാജ്യത്തിന്റെയും ജനങ്ങളുടെയും ചരിത്രം ചിലപ്പോള്‍ മാറിമറിഞ്ഞേനെ. ഓപ്പിയം നിര്‍മ്മാണത്തിനുള്ള പോപ്പി കൃഷിക്കും സംസ്‌കരിച്ചെടുക്കുന്ന ലാബുകള്‍ക്കും രാജ്യത്തിനു പുറത്തേക്കെത്തിക്കുന്ന കള്ളക്കടത്തുകാര്‍ക്കുമെല്ലാം എന്നും താലിബാന്റെ സുരക്ഷയുണ്ടായിരുന്നു. ഇതിന് കൃഷിക്കാരും കച്ചവടക്കാരും നികുതി നല്‍കിയിരുന്നു.
മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച യുണൈറ്റഡ് നേഷന്‍സ് ഓഫീസിലെ (യു.എന്‍.ഒ.ഡി.സി) മുതിര്‍ന്ന മയക്കുമരുന്ന് ഗവേഷക അഞ്ജ കൊറെന്‍ബ്ലിക് പറയുന്നതനുസരിച്ച് നല്ല വരുമാനം തന്നെയാണ് അഫ്ഗാനിലെ ബദല്‍ ഉപജീവന മാര്‍ഗങ്ങളില്ലാത്ത കര്‍ഷകരെ പോപ്പി കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. കുറച്ച് ഭൂമി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് പോപ്പി ചെടി വളര്‍ത്താന്‍ തുടങ്ങാം, അതില്‍ നിന്ന് നിങ്ങള്‍ക്ക് താരതമ്യേന നല്ല വരുമാനം ലഭിക്കും.
മറ്റ് വിളകള്‍ക്ക് വിപണി കണ്ടെത്താന്‍ പ്രയാസമാണെങ്കിലും ഓപ്പിയം തേടി ആവശ്യക്കാര്‍ കര്‍ഷകരുടെ അടുത്തെത്തും. ഇവയുടെ ഉത്പാദനവും വിപണനവും നിയമവിരുദ്ധമാണെങ്കിലും നിയമവാഴ്ച ഇല്ലാത്ത, നിയമപാലനം ദുര്‍ബലമായ രാജ്യത്ത് ഇത് സുലഭമായി നടക്കും. അഫ്ഗാനിസ്ഥാനില്‍ നിന്നും ഹെറോയിന്‍ പടിഞ്ഞാറന്‍ യൂറോപ്പിലും ഏഷ്യന്‍ ആഫ്രിക്കന്‍ വിപണിയിലേക്കും എത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.