ന്യൂഡല്‍ഹി: വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളിലെ സംവരണ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ഇഷ്ടമുള്ള സംസ്ഥാനത്ത് സംവരണാനുകൂല്യത്തിന് അപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി. എന്നാൽ ഒരേസമയം രണ്ട് സംസ്ഥാനങ്ങളില്‍ അപേക്ഷിക്കാനാകില്ല.
2000 നവംബറിലെ ബിഹാര്‍ -ജാര്‍ഖണ്ഡ് വിഭജനത്തിന് ശേഷം ജാര്‍ഖണ്ഡില്‍ താമസിക്കുന്ന പിന്നാക്ക സമുദായത്തിപ്പെട്ട പങ്കജ് കുമാര്‍ 2007ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജാര്‍ഖണ്ഡിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.എന്നാല്‍ സ്ഥിരം മേല്‍വിലാസം ബിഹാറിലെ പാട്നയാണെന്ന് ചൂണ്ടികാട്ടി സംവരണാനുകൂല്യം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിഷേധിച്ചു. ഇത് ഹൈക്കോടതിയും ശരിവച്ചു.
ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ യു.യു.ലളിത്, അജയ് രസ്തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഹര്‍ജിക്കാരന് ശമ്പളവും സര്‍വീസും അടക്കം മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കണമെന്ന് വിധിച്ചു.