ബെയ്ജിങ് : ജനസംഖ്യാ കുടുംബാസൂത്രണ നിയമം പാസാക്കി ചൈന. ദമ്പതിമാർക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന നിയമത്തിനാണ് ചൈന ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.
ജനന നിരക്കില്‍ വലിയ കുറവ് വന്നതും വയോജനങ്ങളുടെ എണ്ണം കൂടിയതുമാണ് അഞ്ച് വര്‍ഷമായി തുടരുന്ന രണ്ട് കുട്ടികളെന്ന നയത്തിന് മാറ്റം വരുത്താന്‍ കാരണമായത്.
40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന 'ഒറ്റക്കുട്ടിനയം' 2016ലാണ് ചൈന അവസാനിപ്പിച്ചത്. ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതിനുള്ള ഉയര്‍ന്ന ചിലവും, ജനസംഖ്യാ വര്‍ധനവും കണക്കിലെടുത്തായിരുന്നു ചൈന കുടുംബാസൂത്രണ നയം കൊണ്ടു വന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ അധിക കടബാദ്ധ്യതകള്‍ പരിഹരിക്കാന്‍ നികുതി, തൊഴില്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനുബന്ധ നടപടി സ്വീകരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.