കാബൂള്‍: താലിബാന്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മറ്റുരാജ്യങ്ങളിലേക്ക് കടത്തുന്നുവെന്ന് മുന്‍ അഫ്ഗാന്‍ ജഡ്ജി നജ്ല അയൂബിയുടെ വെളിപ്പെടുത്തല്‍. ശവപ്പെട്ടിയിലാക്കിയാണ് സ്ത്രീകളെ കടത്തുന്നതെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ യു.എസില്‍ താമസിക്കുന്ന അയൂബി താലിബാന്റെ ഭീഷണിയെത്തുടര്‍ന്ന് അവിടെ അഭയം തേടിയതാണ്.
ഓഗസ്റ്റ് 25-ന് താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം സ്ത്രീകള്‍ക്കെതിരേയുള്ള അവരുടെ ആക്രമണങ്ങളുടെ ഭയം ജനിപ്പിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ കേട്ടതായും അവര്‍ പറഞ്ഞു. താലിബാന്‍ ഭീകരര്‍ക്ക് ഉണ്ടാക്കിയ ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ഒരു സ്ത്രീയെ അവര്‍ തീ കൊളുത്തി കൊന്നു. മറ്റൊരു യുവതിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഭീകരര്‍ക്ക് ഭക്ഷണം നല്‍കാനും പാചകം ചെയ്യാനും ആളുകളെ അവര്‍ നിര്‍ബന്ധിക്കുകയാണെന്നും അയൂബി സ്‌കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
താലിബാന്‍ ഭീകരര്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ വിവാഹം ചെയ്ത് നല്‍കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. സ്ത്രീകളെ ജോലി ചെയ്യാന്‍ സമ്മതിക്കുമെന്ന അവരുടെ വാഗ്ദാനം പാലിക്കപ്പെടുന്നത് കരുതുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അനുവദിക്കുമെന്നും താലിബാന്‍ പറഞ്ഞിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരിന് രൂപം നല്‍കുമെന്ന താലിബാന്റെ വാഗ്ദാനത്തില്‍ വിശ്വസിക്കാന്‍ തക്കതായി ഒന്നുമില്ല. ജോലിക്കെത്തിയ ടെലിവിഷന്‍ അവതാരകയെ വീട്ടിലേക്ക് പറഞ്ഞുവിട്ട സംഭവം തനിക്കറിയാം. ഒട്ടേറെ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിയുകയാണ്. അവരുടെയും ബന്ധുക്കളുടെയും ജീവന് ഭീഷണിയുണ്ടെന്നും അയൂബി കൂട്ടിച്ചേര്‍ത്തു.